ജയ്പുർ: പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എഥനോളും വൈദ്യുതിയും വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയാൽ പെട്രോൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കർഷകർ അന്നദാതാക്കൾ മാത്രമല്ല, ഊർജ്ജ ദാതാക്കൾ കൂടിയായിത്തീരുക എന്നതാണ് നമ്മുടെ സർക്കാരിന്റെ കാഴ്ചപ്പാട്. എല്ലാ വാഹനങ്ങളും കർഷകർ ഉണ്ടാക്കുന്ന എഥനോളിൽ പ്രവർത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം. വാഹനങ്ങളിൽ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാൽ പെട്രോൾ ലിറ്ററിന് 15 രൂപയ്ക്ക് ലഭ്യമാകും. ജനങ്ങൾക്ക് അതിന്റെ നേട്ടം ലഭിക്കും’, നിതിൻ ഗഡ്കരി പറഞ്ഞു.
എഥനോളിന്റേയും വൈദ്യുതിയുടേയും ഉപയോഗം മലിനീകരണം കുറയ്ക്കുമെന്നും എണ്ണ ഇറക്കുമതിയിൽ കുറവുവരുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിക്കായി ചെലവാക്കുന്ന 16 ലക്ഷം കോടി രൂപ കർഷകർക്ക് ലഭ്യമാക്കുന്നതിലേക്ക് വകമാറ്റാനും ഇത് സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.