കോടിയേരി മനുഷ്യപ്പറ്റുള്ള നേതാവ്: ടി.പത്മനാഭന്‍

കോടിയേരി മനുഷ്യപ്പറ്റുള്ള നേതാവ്: ടി.പത്മനാഭന്‍

തലശ്ശേരി: പുസ്തകങ്ങളെ സ്നേഹിക്കുകയും, എഴുത്തുകാരെ ബഹുമാനിക്കുകയും ചെയ്ത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വിഖ്യാത കഥാകൃത്ത് ടി. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. ഒരു മാതിരിപ്പെട്ട എഴുത്തുകാരുടെ കൃതികളെല്ലാം അദ്ദേഹം വായിക്കുമായിരുന്നു. കോടിയേരിയുടെ സ്മരണക്ക് ഗ്രന്ഥാലയം തുടങ്ങാനുള്ള തീരുമാനം എന്തുകൊണ്ടും ഉചിതമായി. കോടിയേരി സ്മാരക ലൈബ്രറിയില്‍ കോടിയേരിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ജിയെ പോലെ മനുഷ്യപ്പറ്റുള്ള നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഏത് കാര്യവുമായി നമുക്ക് സമീപിക്കാന്‍ കഴിയുന്ന ആളായിരുന്നു.
അസുഖബാധിതനായ ശേഷം ദീര്‍ഘനേരം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. മാര്‍ക്സിംഗോര്‍ക്കിയുടെ ‘അമ്മ’യെക്കുറിച്ച് സംസാരിച്ചതും ഓര്‍ക്കുന്നു. രണ്ടുതവണയാണ് കണ്ണൂരിലെ അഴീക്കോടന്‍ മന്ദിരത്തില്‍ പോയത്. സുഹൃത്തായ ടി.കെ ബാലന് അന്ത്യാഞ്ജലിയര്‍പ്പിക്കാനാണ് ആദ്യം പോയത്. കോടിയേരിയെ അവസാനമായി കാണാന്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പോയപ്പോള്‍ കരഞ്ഞുപോയെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറി സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ നാടിന് സമര്‍പ്പിച്ചു. മൊയാരം സ്മാരകപരിസരത്തു ചേര്‍ന്ന ചടങ്ങില്‍ കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായ കഥാകൃത്ത് ടി. പത്മനാഭന്‍ കോടിയേരിയുടെ ഫൊട്ടോ അനാച്ഛാദനം ചെയ്തു. ഹരീന്ദ്രന്‍ ചൊക്ലി വരച്ച കോടിയേരിയുടെ ഛായാചിത്രം കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ചൊക്ലി പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. അമൃതകലക്ക് അംഗത്വം നല്‍കി ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ വിജയന്‍ നിര്‍വഹിച്ചു. ബിനീഷ് കോടിയേരി, കെ.ഇ കുഞ്ഞബ്ദുള്ള, പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ, കെ.എം പവിത്രന്‍, കെ.പി വിജയന്‍, പി.കെ യൂസഫ്, വി.കെ ഭാസ്‌കരന്‍, വി .സി ഹരിദാസന്‍, വി. പുരുഷു, നവാസ് രത്തീന്റവിട സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ഡോ. എ.പി ശ്രീധരന്‍ സ്വാഗതവും സെക്രട്ടറി സിറോഷ്ലാല്‍ ദാമോദരന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *