പാരീസ്: ഫ്രാന്‍സില്‍ കത്തിപ്പടര്‍ന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. മക്രോണിന്റെ നിര്‍ദേശാനുസരണം ഫ്രാന്‍സിലെമ്പാടുമായി 45,000 പോലിസുകാരെ വിന്യസിച്ചു. ആക്രമിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാമെന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസിനെ വിന്യസിച്ചിരിക്കുന്നത്.
പോലിസിന്റെ വെടിയേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ ഫ്രാന്‍സില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധത്തിന്റെ മറവില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ കൊള്ളയും തീവയ്പ്പും തുടരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി ഭരണകൂടം. കിഴക്കന്‍ ഫ്രാന്‍സിലെ മെറ്റ്സില്‍ ഒരു ലൈബ്രറി കെട്ടിടത്തിന് തീയിട്ട കലാപകാരികള്‍ പിടിച്ചുകൊണ്ടാണ് പോലിസ് നടപടി ആരംഭിച്ചത്. പോലീസ് സ്റ്റേഷനുകളും സിറ്റി ക്ലബുകളും ആക്രമിച്ച ആളുകളെയും ഉടന്‍ കണ്ടുപിടിക്കുമെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. പോലിസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചവരുടെയും ബാങ്കുകള്‍ കൊള്ളയടിച്ചവരുടെയും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെ വിവിധ ഭാഗങ്ങില്‍ നിന്ന് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് 160 പേര്‍കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 3,354 ആയി. ഇതുവരെ 300 കാറുകള്‍ കത്തിക്കുകയും. 522 കച്ചവടസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും 789 പോലിസിനെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.
കഴിഞ്ഞദിവസം ലെയ്‌ലെ റോസിലെ മേയര്‍ വന്‍സോ ഷോങ്ബ്രൊയുടെ വീടിനു തീയിടാന്‍ ശ്രമം നടന്നിരുന്നു. പ്രതിഷേധം കൈവിട്ട് പോയതോടെ കൊല്ലപ്പെട്ട നയേലിന്റെ മുത്തശ്ശി പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. അല്‍ജീരിയന്‍ മൊറോക്കന്‍ ദമ്പതികളുടെ മകനായ നയേല്‍ (17) വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നാണ് ഫ്രാന്‍സില്‍ കലാപം ഉണ്ടായത്.