ന്യൂഡല്‍ഹി:അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി. അരിക്കൊമ്പനെ തമിഴ് നാട്ടിലേക്ക് പുനരധിവസിപ്പിച്ചത് പരാജയമായെന്നും ഇതുവഴി പണം നഷ്ടം മാത്രമാണ് ഉണ്ടായതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ കേരള ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവില്‍ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലാണെനും അതിനാല്‍ തമിഴ്‌നാടിന് കക്ഷിയാക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ എത്തിയതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ ആനന്ദന്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്‌ഹേ എന്നിവരാണ് കേസില്‍ ഹാജരായത്.
അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനസമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.