ആരോഗ്യപരമായ കാരണങ്ങളാൽ ഒരു വർഷം സിനിമയിൽ നിന്നും താത്ക്കാലികമായി മാറി നിൽക്കാനൊരുങ്ങി തെന്നിന്ത്യൻ സിനിമാതാരം സാമന്ത. ശരീരത്തിലെ മസിലുകളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് ബാധിതയാണ് സാമന്ത. തുടർചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. രോഗത്തെ തുടർന്ന് മാസങ്ങളോളം ഇവർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ വർഷമാണ് തനിക്ക് മയോസൈറ്റിസ് ബാധിച്ച വിവരം സാമന്ത ആരാധകരെ അറിയിച്ചത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും.
വെബ് സീരിസ് ആയ ‘സിറ്റാഡൽ’, വിജയ് ദേവരകൊണ്ട നായകനാവുന്ന ‘ഖുശി’ എന്ന ചിത്രവും പൂർത്തിയാകുന്നതോടെ സാമന്ത അഭിനയത്തിൽ നിന്നും ഇടവേള എടുക്കും. മറ്റ് ചിത്രങ്ങളൊന്നും താരം ചെയ്യാമെന്ന് ഏറ്റിട്ടില്ലെന്നാണ് വിവരങ്ങൾ. ചില നിർമാതാക്കൾക്ക് നടി അഡ്വാൻസ് തിരികെ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.