ചെന്നൈ: ഇ.ഡി കേസില്‍ കുറ്റാരോപിതനായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഭിന്നവിധി. മുന്‍ മന്ത്രിയുടെ മോചനത്തിന് ഉത്തരവിടാനാകുമോ എന്ന ചോദ്യത്തിലാണ് രണ്ടഭിപ്രായം ഉണ്ടായത്. ഇതോടെ കേസ് വിശാല ബെഞ്ചിന് വിട്ടു. ജസ്റ്റിസുമാരായ നിഷ ബാനു, ഡി ഭരത ചക്രവര്‍ത്തി എന്നിവരുടെ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.
ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നിലനില്‍ക്കുന്നതാണെന്നും മന്ത്രിയെ മോചിപ്പിക്കണമെന്നും ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു. എന്നാല്‍, അറസ്റ്റ് നിയമവിധേയമെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ആണ് ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ്. റിമാന്‍ഡ് ഉത്തരവിനുശേഷം ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനിര്‍ത്താനാകുമോയെന്ന് ജസ്റ്റിസ് ഭരത ചോദിച്ചു. ബാലാജിയുടെ റിമാന്‍ഡ് നിയമവിരുദ്ധമാണെന്ന് കാണിക്കാന്‍ ഒരു കേസും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കളയാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പുതിയ കേസ് എടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചെടുത്തതിന് നിലവിലുള്ള മൂന്ന് കേസുകള്‍ക്ക് പുറമെയാണ് അഴിമതി നിരോധന നിയമപ്രകാരം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2011-15 കാലയളവില്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ സെന്തില്‍ ബാലാജി അഴിമതി നടത്തിയെന്നാണ് ഇ.ഡി കേസ്. കഴിഞ്ഞ മാസം 14ന് അറസ്റ്റ് ചെയ്യപ്പെട്ട ബാലാജി , ഹൃദയശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ വിശ്രമത്തിലാണ്.