തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കിയത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്.
എറണാകുളത്ത് മഴ കനത്തതോടെ ക്വാറി അടക്കമുള്ള ഖനന പ്രവൃത്തികള്‍ നിരോധിച്ചു. ജില്ലയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. തൃശ്ശൂരില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പെരിങ്ങാവില്‍ കൂറ്റന്‍ മാവ് റോഡിലേക്ക് കടപുഴകി വീണു. പെരിങ്ങാവില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്ക് കടക്കുന്ന പാതയില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ കൂടിയാണ് സംഭവമുണ്ടായത്, വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആലപ്പുഴയില്‍ വീടുകളില്‍ വെള്ളം കയറി. പത്തനംതിട്ട കുരുമ്പന്‍മൂഴിയില്‍ 250 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പമ്പാ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമണ്‍, മുക്കം കോസ് വേകള്‍ മുങ്ങി.
തിരുവനന്തപുരം മുതലപൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പെട്ടാണ് വള്ളം മറിഞ്ഞത്.കടലിലേക്ക് ഒഴുകി പോയ വള്ളം തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ജൂലൈ 4 & 5 തീയതികളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറന്‍ ഭാഗം നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തും മണ്‍സൂണ്‍ പാത്തിയുടെ കിഴക്കന്‍ ഭാഗം അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്ക്കുന്നു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നു.