മഴ ഉണ്ടെങ്കില്‍ തലേദിവസം തന്നെ കലക്ടര്‍മാര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

മഴ ഉണ്ടെങ്കില്‍ തലേദിവസം തന്നെ കലക്ടര്‍മാര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മഴയുണ്ടെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. രാവിലെ അവധി പ്രഖ്യാപിക്കുന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ രാവിലെ അവധി പ്രഖ്യാപിക്കുന്നതിനെതിരെ പരാതികളുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

”രാവിലെ അവധി പ്രഖ്യാപിക്കുമ്പോഴേക്ക് പലകുട്ടികളും വീട്ടില്‍നിന്ന് ഇറങ്ങിയിട്ടുണ്ടാകും. പല അസൗകര്യങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ട്. അവധി നല്‍കുകയാണെങ്കില്‍ തലേദിവസം പ്രഖ്യാപിക്കണം. ആ നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്” മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്, കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലും കാസര്‍ഗോഡും ഇന്നു രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാസര്‍കോട് മരം വീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടികയില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *