ഖലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുത്, നയതന്ത്ര ബന്ധത്തെ ബാധിക്കും: കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി എസ്. ജയശങ്കര്‍

ഖലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുത്, നയതന്ത്ര ബന്ധത്തെ ബാധിക്കും: കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഖലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുതെന്ന് കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കാനഡയിലെ ഖലിസ്ഥാന്‍ വാദികളുടെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയശങ്കറിന്റെ പ്രസ്താവന. ഖലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുതെന്ന് കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചുണ്ട്.

ഇന്ത്യയ്ക്ക് ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ വിഷയം ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്റര്‍ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖലിസ്ഥാനി വിഷയം കാനഡ കൈകാര്യം ചെയ്യുന്ന രീതി ഇന്ത്യയ്ക്ക് വളരെക്കാലമായി തലവേദനയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അവരെ നയിക്കുന്നതെന്ന് കരുതുന്നുവെന്നും ജയശങ്കര്‍ മുന്‍പ് പറഞ്ഞിരുന്നു. കാനഡയുടെ നീക്കങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെങ്കില്‍ പ്രതികരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് പല തരത്തില്‍ സ്വാധീനിച്ചതായും ജയശങ്കര്‍ പറയുന്നു.

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ, ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങളും പേരുകളും അടങ്ങിയതായിരുന്നു ഖലിസ്ഥാന്‍ അനുകൂലികളുടെ പോസ്റ്റര്‍. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവിയും ഭീകരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിനെ ജൂണില്‍ കൊലപ്പെടുത്തിയതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പോസ്റ്റര്‍.

ജൂണ്‍ 18ന് കാനഡയിലെ സറേയിലെ ഗുരു നാനാക്ക് ഗുരുദ്വാര സാഹിബിന്റെ പാര്‍ക്കിങ്ങില്‍ വച്ച് രണ്ട് അജ്ഞാതരാണ് നിജ്ജാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. 2022ല്‍ ജലന്ധറില്‍ ഒരു പുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിജ്ജാറിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) 10 ലക്ഷം രൂപ വിലയിട്ടിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ഖലിസ്ഥാനികളുടെ ആരോപണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *