മര്‍കസ് മെഗാ എജ്യൂ ഫെയറിന് തുടക്കം
കോഴിക്കോട്: ആധുനിക കാലത്തെ ആവശ്യങ്ങളും അവസരങ്ങളും തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ മര്‍കസ് സ്ഥാപനങ്ങള്‍ ശ്രേദ്ധയമായ ചുവടുവയ്പ്പാണ് മുന്നോട്ടുവെക്കുന്നതെന്നും ഇത് മാതൃകാപരമാണെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് സ്വപ്‌നനഗരിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച മര്‍കസ് മെഗാ എജ്യൂ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദര്‍ശനവും വിദ്യാഭ്യാസ സമ്മേളനവുമാണ് ഇന്ന് വൈകീട്ട് അവസാനിക്കുന്ന എജ്യൂ ഫെയറില്‍ നടക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും കൗണ്‍സിലിംഗ് സെന്ററുകളും പ്രദര്‍ശന സ്റ്റാളുകളും കരിയര്‍ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെമിനാറുകളും ശില്‍പശാലകളും അനുമോദന ചടങ്ങുകളും പരിപാടിയുടെ ഭാഗമാണ്. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ അഭിരുചികള്‍ കണ്ടെത്തുന്നതിനുള്ള മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ടെസ്റ്റുകള്‍ സൗജന്യമായി നടത്തുന്ന കരിയര്‍ ക്ലിനിക്കും വിദ്യാഭ്യാസ കരിയര്‍ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
എക്‌സ്‌പോയുടെ ഭാഗമായി മര്‍കസ് അലുംനി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷം പത്താം ക്ലാസിലും പ്ലസ് ടുവിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന മെറിറ്റ് ഇവന്റ് നടന്നു. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും ഉപരിപഠന സൗകര്യങ്ങള്‍ സുഗമമാക്കുന്നതിനും ആവിഷ്‌കരിച്ച ‘സക്‌സസ് പാത്ത്’ ലോഞ്ചിംഗ് മന്ത്രി റിയാസ് നിര്‍വഹിച്ചു. വിവിധ സെഷനുകള്‍ക്ക് ഡോ. അമീര്‍ ഹസന്‍, ഡോ. നാസര്‍ കുന്നുമ്മല്‍, ആകാശ് ചൗസ്‌കി, കെ എച്ച് ജറീഷ്, കെ എം അബ്ദുല്‍ ഖാദര്‍, ഇഹ്‌സാനുല്‍ ഇതിസാം നേതൃത്വം നല്‍കി. വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. നാസര്‍ കുന്നുമ്മല്‍, ഡോ. ശമീം പാടൂര്‍ എന്നിവര്‍ക്ക് മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉപഹാരാം നല്‍കി.
ഉദ്ഘാടന ചടങ്ങില്‍ മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ദില്‍ശാദ് സ്വാഗതം പറഞ്ഞു. മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ സി എ അബ്ദുല്‍ റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു. പി യൂസുഫ് ഹൈദര്‍ അതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. കെ കെ ശമീം, ഹനീഫ് അസ്ഹരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രവീണ്‍, പിടിഎ പ്രസിഡണ്ട് അബ്ദുല്‍ നിസാര്‍, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, അശ്‌റഫ് അരയങ്കോട് സംസാരിച്ചു.