തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനും ബാലസഭാംഗങ്ങളെ പ്രാപ്തരാക്കുക എന്നത് ലക്ഷ്യമിട്ട് ‘സജ്ജം’ ബില്‍ഡിങ് റെസിലിയന്‍സ്’ ബോധവല്‍ക്കരണ പരിശീലന പദ്ധതിയുമായി കുടുംബശ്രീ. 13നും 17നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം കുട്ടികള്‍ക്ക് നേരിട്ടു പരിശീലനം നല്‍കുന്നതാണ് പദ്ധതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വിവിധ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഉള്‍പ്പെട്ട സ്റ്റേറ്റ് ടെക്‌നിക്കല്‍ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകള്‍ പ്രകാരമാണ് പരിശീലനം.
മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം ജൂലൈ 15, 16നും രണ്ടാം ഘട്ടം ആഗസ്റ്റ് അഞ്ച്, ആറിനും മൂന്നാം ഘട്ടം ആഗസ്റ്റ് 12,13 തീയതികളിലും നടക്കും. രണ്ടു ജില്ലകളെ വീതം യോജിപ്പിച്ചുകൊണ്ട് അതത് ബ്ലോക്ക്തലത്തിലാകും പരിശീലനം നടത്തുക. പരിശീലനം ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം ഓരോ ജില്ലയ്ക്കും നല്‍കിയിട്ടുണ്ട്. പരിശീലനത്തിന് നേതൃത്വം നല്‍കുന്നതിനു വേണ്ടി സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍മാരായി ഓരോ ജില്ലയില്‍ നിന്നും രണ്ട് പേര്‍ വീതം ആകെ 28 പേരെ തെരഞ്ഞെടുത്ത് പരിശീലനം ലഭ്യമാക്കി.
ദുരന്തസാധ്യതകളെ മനസിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വ്യക്തിയേയും സമൂഹത്തെയും സജ്ജമാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ഇതാദ്യമായാണ് പ്രകൃതി ദുരന്ത സാഹചര്യങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനുമായി ഒരു ലക്ഷം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന്റെ ഭാഗമായി പ്രകൃതി, പരിസ്ഥിതി,ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കും. പ്രളയം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങും. കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതുള്‍പ്പെടെ കുട്ടികള്‍ക്ക് സ്വയം മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ ആക്ടിവിറ്റികളിലൂടെയാണ് പരിശീലനം. ഇവര്‍ വഴി മറ്റു കുട്ടികള്‍ക്കും മുതിര്‍ന്നവരും അവബോധം നല്‍കും. ദുരന്ത ആഘാത ലഘൂകരണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പരിശീലന പരിപാടി ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. പരിശീലനത്തിന് ശേഷം കുട്ടികള്‍ അവരുടെ പ്രദേശത്തെ ദുരന്ത സാധ്യതാ ഭൂപടവും തയ്യാറാക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇതിന്റെ സംസ്ഥാനതല പ്രദര്‍ശനവും പിന്നീട് സംഘടിപ്പിക്കും.
ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം ജൂലൈ ആറ്, ഏഴ്, പത്ത്, പതിനൊന്ന് തീയതികളിലായി നടക്കും. പരിശീലന പരിപാടിയുടെ മികച്ച സംഘാടനത്തിന് ഓരോ ജില്ലയിലും സാമൂഹ്യ വികസന പദ്ധതി നിര്‍വഹിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പും ഉണ്ടാകും. അതത് തദ്ദേശ സ്ഥാപനങ്ങളുടെയും സി.ഡി.എസുകളുടെയും പിന്തുണയും ഉറപ്പു വരുത്തിയിട്ടുണ്ട്. ജില്ലാ മിഷനുകളുടെ മേല്‍ നോട്ടവും ഉണ്ടാകും.