വിശാല പ്രതിപക്ഷ യോഗം ജൂലൈ 17,18 തീയതികളില്‍; വേദി ബംഗളൂരു

വിശാല പ്രതിപക്ഷ യോഗം ജൂലൈ 17,18 തീയതികളില്‍; വേദി ബംഗളൂരു

ന്യൂഡല്‍ഹി: വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ജൂലൈ 17,18 തീയതികളില്‍ നടക്കും. ബംഗളൂരു തന്നെയായിരിക്കും വേദിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജൂലൈ 13,14 തീയതികളില്‍ തീരുമാനിച്ചിരുന്ന യോഗമാണ് 17,18 തീയതികളിലേക്ക് മാറ്റിയത്. യോഗത്തിന്റെ തീയതി മാറ്റിയത് എന്‍.സി.പിയുടെ പിളര്‍പ്പാണെന്നതിന് യാതൊരു ബന്ധവുമില്ലെന്ന് കെ.സി വേണുഗോപാല്‍ വിശദീകരിച്ചു. ‘ഫാസിസ്റ്റ്, ജനാധിപത്യവിരുദ്ധ ശക്തികളെ പരാജയപ്പെടുത്താനും രാജ്യത്തെ മുന്നോട്ട് നയിക്കാനുമുള്ള തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മമതാ ബാനര്‍ജിയും എം.കെ സ്റ്റാലിനും 13, 14 തീയതികളില്‍ പങ്കെടുക്കുന്നതില്‍ അസൗകര്യം അറിയിച്ചിരുന്നു. ഇതിനാലാണ് മുന്‍ തീയതിയില്‍ മാറ്റം വരുത്തിയത്. എന്‍.സി.പിയുടെ പിളര്‍പ്പ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന് കൂടുതല്‍ വാശിയും വീറും നല്‍കിയെന്നായിരുന്നു ഇക്കാര്യത്തില്‍ കെ.സിയുടെ വിശദീകരണം. ഇ.ഡിയെ ആരെങ്കിലും പേടിച്ച് കാലുമാറിയെന്ന് വിചാരിച്ച് ജനം അവരുടെ നിലപാടില്‍ നിന്നും മാറില്ല. അതാണ് കര്‍ണാടകയില്‍ കണ്ടത്. ശിവസേനയെ അടര്‍ത്തിയെടുത്ത ശേഷം മഹാരാഷ്ട്രയില്‍ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലും ഫലം പ്രതിപക്ഷത്തിന് അനുകൂലമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

ജൂണ്‍ 23ന് പട്‌നയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരുന്നു. 16 പ്രതിപക്ഷ പാര്‍ട്ടികളാണ് പട്‌നയിലെ യോഗത്തില്‍ പങ്കെടുത്തത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനുള്ള മാര്‍ഗരേഖ തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. എ.എ.പിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്‌പോരാട്ടത്തോടെയാണ് യോഗം അവസാനിച്ചത്. പ്രതിപക്ഷ പാര്‍ട്ടി യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലെന്നും എ.എ.പി പ്രഖ്യാപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *