മണിപ്പൂര്‍ കലാപത്തില്‍ ആശങ്കയോടെ പ്രതികരിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് മാര്‍ ജോസ് പുളിക്കല്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്ത മണിപ്പൂര്‍ സമാധാന പ്രാര്‍ത്ഥന യോഗത്തില്‍ ആരോപിച്ചു.
വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ മണിപ്പൂരില്‍ കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ ഏറിയ പങ്കും ക്രൈസ്തവരാണെന്നതാണ് ആസൂത്രിത ഗൂഢാലോചനയായി കാണാന്‍ പ്രേരിപ്പിക്കുന്നതെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. സമാധാനം സ്ഥാപിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുന്നുവെന്നും ബിഷപ്പ് വിമര്‍ശിച്ചു.
കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമകാലിക വിഷയങ്ങളില്‍ അഭിപ്രായ പ്രകടനവുമായി എത്തുന്നത് ഇത് ആദ്യമായല്ല. ബഫര്‍സോണ്‍ വിഷയത്തിലും കൃഷിയിടങ്ങളില്‍ വന്യജീവികളുടെ ആക്രമണം രൂക്ഷമായ സമയത്തും സര്‍ക്കാരിനെതിരെ രൂക്ഷമായി മാര്‍ ജോസ് പുളിക്കല്‍ സംസാരിച്ചിരുന്നു.