മുംബൈ: എന്‍.സി.പിയെ പിളര്‍ത്തി എന്‍.ഡി.എ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാറിനെയും എം.എല്‍.എമാരെയും അയോഗ്യരാക്കണമെന്ന് എന്‍.സി.പി. നടപടി ആവശ്യപ്പെട്ട് എന്‍.സി.പി സംസ്ഥാന നേതൃത്വം നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടി അനുയായികളുടെ പിന്തുണ ശരദ് പവാറിന്റെ നേതൃത്വത്തിനാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനേയും എന്‍.സി.പി സമീപിച്ചിട്ടുണ്ട്.
”നിയമവിരുദ്ധമായ നീക്കമാണ് അവര്‍ നടത്തിയത്. ശരദ് പവാറിനെയും പാര്‍ട്ടിയെയും അവര്‍ ഇരുട്ടിലാക്കി. അജിത് പവാര്‍ അടക്കം ഒന്‍പത് എം.എല്‍.എമാര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകണമെന്നാണ് പാര്‍ട്ടി അച്ചടക്ക സമിതിയുടെ ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി”- മഹാരാഷ്ട്ര എന്‍.സി.പി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. എത്രയും പെട്ടെന്ന് അപേക്ഷ പരിഗണിക്കണമെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറോട് എന്‍.സി.പി ആവശ്യപ്പെട്ടു. പാര്‍ട്ടി നയത്തിന് വിരുദ്ധമായ നീക്കം നടത്തിയതോടെ അവര്‍ സാങ്കേതികമായി അയോഗ്യരായി കഴിഞ്ഞെന്നും പാട്ടീല്‍ പറഞ്ഞു.
എന്നാല്‍, കൂറുമാറ്റത്തിനെതിരേ നിയമപോരാട്ടത്തിനില്ലെന്ന നിലപാടാണ് ശരദ് പവാറിന്റേത്. ഇതിനെതിരെ നിയമപോരാട്ടം നടത്തേണ്ട ആവശ്യമില്ല. എന്‍.സി.പിയുടെമേല്‍ ആരെങ്കിലും അവകാശവാദം ഉന്നയിച്ചാലും എനിക്ക് പ്രശ്‌നമില്ല. ഞങ്ങള്‍ ജനങ്ങളുടെ പിന്തുണ തേടും. അവര്‍ ഞങ്ങളെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ശരദ് പവാര്‍ പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശരദ് പവാറിന് പിന്തുണയറിയിച്ച് രംഗത്ത് എത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി എന്നിവര്‍ ശരദ് പവാറിനെ ഫോണില്‍ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാ വികാസ് അഘാഡി സഖ്യത്തിലെ ശിവസേന-എന്‍.സി.പി പിളര്‍പ്പ് വലിയ തിരിച്ചടിയായാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.