പദ്ധതി കൊണ്ടുവന്നത് എന്‍ഐടിസിയുടെ ഐഇഇഇ സ്റ്റുഡന്റ് ബ്രാഞ്ച്
കോഴിക്കോട്: ആനക്കാംപൊയില്‍ പബ്ലിക് ലൈബ്രറിയില്‍ സൗരോര്‍ജ്ജ ഡിജിറ്റല്‍ഹബ് പദ്ധതിക്ക് തുടക്കമായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയേഴ്‌സ് (ഐഇഇഇ), ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ (എന്‍ഐടിസി) പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്ബ്രാഞ്ച് (എസ്ബി) കൊണ്ടുവന്ന പദ്ധതിയുടെ ഉദ്ഘാടനം തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് നിര്‍വഹിച്ചു.
ഐ.ഇ.ഇ.ഇ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആക്ടിവിറ്റീസ് കമ്മീഷന്റെ (എച്ച്.എ.സി) പിന്തുണയോടെ 3,11,013 രൂപ വിനിയോഗിച്ചാണ് ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ച് പദ്ധതി പൂര്‍ത്തിയാക്കിയത്. വി.കെ കൃഷ്ണമേനോന്‍ പബ്ലിക് ലൈബ്രറിയില്‍ നൂതന സൗരോര്‍ജ്ജ ഡിജിറ്റല്‍ ഹബ് തുറക്കുന്നതിലൂടെ വിദ്യാഭ്യാസശാക്തീകരണവും പുനരുപയോഗ ഊര്‍ജ്ജവിനിയോഗവും പദ്ധതിലക്ഷ്യമിടുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബേബി അധ്യക്ഷതവഹിച്ചു. ഐഇഇഇ കേരളവിഭാഗം ചെയര്‍മാന്‍ പ്രൊഫ.മുഹമ്മദ് കാസിം .എസ് മുഖ്യാതിഥിയായിരുന്നു. എന്‍ഐടിസി സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ ഡോ.പ്രവീണ്‍ ശങ്കരന്‍ കൈപ്പുസ്തകം പ്രകാശനം ചെയ്തു. തിരുവമ്പാടി മുന്‍എം.എല്‍.എ ജോര്‍ജ് എം.തോമസ്, എന്‍.ഐ.ടി.സി.യിലെ ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ച് കൗണ്‍സിലര്‍ ഡോ.കെ.വി.ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.