മുതിർന്നവർക്കും ജനനസർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ സർക്കാർ അനുമതി

മുതിർന്നവർക്കും ജനനസർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ സർക്കാർ അനുമതി

പാലക്കാട്: മുതിർന്നവർക്കും ജനനസർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ അനുവാദം നൽകി സർക്കാർ. ഇതുപ്രകാരം, സ്കൂൾ പ്രവേശന രജിസ്റ്ററിലും എസ്.എസ്.എൽ.സി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും ഒറ്റത്തവണ തിരുത്താനാവും. നിലവിൽ അഞ്ച് വയസു കഴിഞ്ഞാൽ ജനന രജിസ്റ്ററിൽ പേര് തിരുത്താൻ അനുവാദം ഉണ്ടായിരുന്നില്ല. ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ സാധിച്ചിരുന്നില്ല.

എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ വ്യത്യസ്ത പേരുകൾ വരുന്നത് വിദേശയാത്രയ്ക്കും ജോലി ആവശ്യങ്ങൾക്കും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കണം എന്നാവശ്യപ്പെട്ട് ജനന-മരണ രജിസ്ട്രാർ ഉൾപ്പെടെ നിരവധി കുറിപ്പുകൾ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇത് ​ഗൗരവത്തിലെടുത്താണ് നടപടി.

പുതിയ ഉത്തരവ് പ്രകാരം തിരുത്തി നൽകുന്ന ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, നിലവിലെ പേരിൽ അക്ഷരത്തെറ്റ് മാത്രമാണ് മാറ്റേണ്ടതെങ്കിൽ അത് നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. അതിന് ഗസറ്റിൽ പേര് തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *