തലശ്ശേരി: ബഹുസ്വരതയുള്ള രാജ്യത്ത് ഒരാഗ്രഹം മാത്രമാണ് ഏകീകൃത സിവില്‍ കോഡെന്നും, മതപരമായ വൈവിധ്യങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന മതേതര രാജ്യത്ത് ഇത് നടപ്പിലാക്കുക അത്ര എളുപ്പമല്ലെന്നും റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. പാര്‍ക്കോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം പിടിക്കാന്‍ എന്ത് ഗിമ്മിക്കും കാണിക്കും. രാമക്ഷേത്രമെന്ന് കുറേക്കാലം പറഞ്ഞു നടന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വൈകാരികമായ പ്രശ്‌നങ്ങളെ ഉണര്‍ത്തി വിടുന്നത് ചില രാഷ്ട്രീയക്കാരുടെ സ്ഥിരം തന്ത്രങ്ങളാണ്. മണിപ്പൂരില്‍ വംശഹത്യ നടക്കുകയാണ്. ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുമെന്ന് പറയുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂരിലെ നരഹത്യയെ അപലപിക്കാന്‍ പോലും തയ്യാറായില്ല.ഏകീകൃത സിവില്‍ നിയമത്തിന് താന്‍ എതിരല്ല. ഇതിലെ അപാകതകള്‍ തിരുത്തപ്പെടണം.
പെണ്ണായി പിറന്നത് ഒരു കുറ്റമായി കാണരുത്. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കും വിധം സ്വത്തവകാശ നിയമത്തില്‍ തിരുത്തലുകള്‍ വരുത്തണം. ഇത്തവണ ഏകീകൃത സിവില്‍ നിയമത്തിന്റെ പേരില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമം. കോടതികള്‍ക്ക് മനുഷ്യന്റെ മനസ്സ് കാണാനാവില്ല. മുസ്‌ലിം സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നുവെന്നത് ശരിയാണ്. സ്വത്തവകാശത്തില്‍ മൂന്നില്‍ രണ്ടും, മൂന്നിലൊന്നും എന്നത് തെറ്റാണ്. സ്ത്രീകള്‍ക്ക് സ്വത്തവകാശത്തില്‍ തുല്യത വേണം. എന്തിനേയും കണ്ണടച്ച് എതിര്‍ക്കരുത്. ചൂണ്ടയില്‍ ചെന്ന് കൊത്തരുതെന്ന് കെമാല്‍ പാഷ ഓര്‍മ്മിപ്പിച്ചു.
കേന്ദ്രത്തിന്റെ മാധ്യമ വേട്ടയെ ശക്തമായി എതിര്‍ക്കുന്നവര്‍ തന്നെ ഇവിടെ അതിലുമപ്പുറം ചെയ്യുകയാണ്. 180 ജനാധിപത്യ രാഷ്ട്രങ്ങളില്‍ 161-ാം സ്ഥാനമാണ് നമുക്കുള്ളത്. ജനിച്ചു വീണ് ആദ്യത്തെ അഞ്ച് മിനുട്ട് മാത്രമാണ് മനുഷ്യന് സ്വാതന്ത്ര്യമുള്ളു. പിന്നീട് വസ്ത്രം വന്നു. പേര് വന്നു. മതവും ജാതിയുമെല്ലാം വന്നു. മാര്‍ക്‌സിം ഗോര്‍ക്കിയുടെ വാക്കുകളാണിതെങ്കില്‍, സുകുമാര്‍ അഴീക്കോട് പറഞ്ഞത് കെട്ടിയിട്ട പശുവിന്റെ കഴുത്തിനും, കുറ്റിക്കുമിടയിലാണ് സ്വാതന്ത്ര്യമെന്നാണ്. ജീവിതാനുഭവങ്ങള്‍ക്ക് വാക്കുകളുണ്ടായിരുന്നുവെങ്കില്‍, സാഹിത്യത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ ടി.പി. സാജിദ് അധ്യക്ഷത വഹിച്ചു. അഡ്വ: പി.വി. സൈനുദ്ദീന്‍, ടി.വി. മമ്മുട്ടി , അബ്ദുള്‍ കരീം, അബൂബക്കര്‍, ഡോ: സി.ഒ.ടി മുസ്തഫ സംസാരിച്ചു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച പ്രതിഭകള്‍ക്ക് ജസ്റ്റിസ് കെമാല്‍ പാഷ പുരസ്‌ക്കാരങ്ങള്‍ നല്‍കി. എ.കെ. ഇബ്രാഹിം സ്വാഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു.