ഫ്രാന്‍സില്‍ കലാപം രൂക്ഷം; അഞ്ചാം ദിനവും തെരുവിലിറങ്ങി പ്രക്ഷോഭകാരികള്‍, 1300 പേര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ കലാപം രൂക്ഷം; അഞ്ചാം ദിനവും തെരുവിലിറങ്ങി പ്രക്ഷോഭകാരികള്‍, 1300 പേര്‍ അറസ്റ്റില്‍

പാരിസ്: കൗമാരക്കാരനെ പോലിസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം തുടരുന്നു. തുടര്‍ച്ചയായി അഞ്ചാം രാത്രിയും തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതുവരെ, 1300ല്‍ ഏറെ പേര്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു. കലാപം രൂക്ഷമായതോടെ ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കിയ പ്രസിഡന്റ് ഇമ്മാനുവെല്‍ മക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. കലാപം രൂക്ഷമാക്കുന്നത് സാമൂഹിക മാധ്യമങ്ങളാണെന്ന് മക്രൊണ്‍ കുറ്റപ്പെടുത്തി.
കിഴക്കന്‍ ഫ്രാന്‍സിലെ മെറ്റ്‌സില്‍ ഒരു ലൈബ്രറി കെട്ടിടത്തിന് കലാപകാരികള്‍ തീയിട്ടു. പ്രക്ഷോഭകാരികള്‍ പോലിസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചതായും ബാങ്കുകള്‍ കൊള്ളയടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ കലാപത്തില്‍ കൊല്ലപ്പെട്ട പതിനേഴുകാരന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. അള്‍ജീരിയന്‍-മൊറോക്കന്‍ വംശജനായ നയെല്‍ എന്ന പതിനേഴുകാരനെയാണ് വാഹനപരിശോധനയ്ക്കിടെ പോലിസ് അകാരണമായി വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഇമ്മാനുവെല്‍ മക്രോണ്‍ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *