ഏകീകൃത സിവില്‍ കോഡ്: കരട് ബില്‍ വരും വരെ കാത്തിരിക്കാന്‍ കോണ്‍ഗ്രസ്

ഏകീകൃത സിവില്‍ കോഡ്: കരട് ബില്‍ വരും വരെ കാത്തിരിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് നിലപാട് പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്. ഇതുവരെ കരട് ബില്‍ അവതരിപ്പിച്ചിട്ടില്ലാത്തതിനാല്‍ ചിത്രം വ്യക്തമല്ല അതിനാലാണ് നിലപാട് പ്രഖ്യാപിക്കാത്തതെന്നാണ് വിശദീകരണം. കരട് ബില്‍ വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലവില്‍ പാര്‍ട്ടി തീരുമാനം. സോണിയാ ഗാന്ധിയുടെയും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി യോഗത്തിലാണ് തീരുമാനം. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനായിരുന്നു യോഗം.
ഏകീകൃത സിവില്‍ കോഡ് ബില്ലില്‍ അഭിപ്രായം മാറ്റി സഖ്യകക്ഷികളെ കോണ്‍ഗ്രസ് പ്രതിരോധത്തിലാക്കില്ല. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നതില്‍ പാര്‍ട്ടിയില്‍ ഇതുവരെ വിഭാഗീയതയുമുണ്ടായിട്ടില്ല. പക്ഷേ നിയമത്തിനെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ പുറത്തുവരണമെന്ന് നേതാക്കള്‍ പറയുന്നു. പുതിയ നിയമത്തിലൂടെ എന്തെല്ലാം മാറ്റിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മനസിലാക്കിയ ശേഷം നിലപാട് പ്രഖ്യാപിക്കാമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഏകീകൃത സിവില്‍ കോഡിനെപ്പറ്റി ബി.ജെ.പി ചര്‍ച്ച ചെയ്യുന്നതെന്ന് മിക്ക നേതാക്കളും വാദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ജൂണ്‍ 15 ന് തന്നെ നിയമ കമ്മീഷനെ അറിയിച്ചതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.

യോഗത്തില്‍ ഏകീകൃത സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ രാഷ്ട്രീയ ആയുധമാണെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും വാദിച്ചത്. ബി.ജെ.പിയുടെ കെണിയില്‍ കോണ്‍ഗ്രസ് വീഴരുതെന്ന നിലപാടും നേതാക്കള്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്നുള്ള നേതാക്കള്‍ക്ക് മൃദുസമീപനമായിരുന്നു. പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, ശശി തരൂര്‍, പ്രമോദ് തിവാരി, രണ്‍ദീപ് സുര്‍ജേവാല, ശക്തിസിന്‍ഹ് ഗോഹില്‍, ദീപേന്ദര്‍ ഹൂഡ, സയ്യിദ് നസീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *