‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാകാണ്ഡം’ എന്ന സിനിമയുടെ പൂജ നടന്നു. ആസിഫ് അലിയും അപർണാ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ്. ബാഹുൽ രമേശാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്.
ജൂലായ് ഒന്നിന് ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയിൽവെച്ചായിരുന്നു പൂജ. ജോയൽ ജോ ജോർജ്ജ് തടത്തിൽ ചിത്രത്തിന്റെ സ്വിച്ചോൺ നിർവഹിച്ചു. അതിശയനിലൂടെയും ആനന്ദഭൈരവിയിലൂടെയും ശ്രദ്ധേയനായ ദേവ് രാമുവാണ് ആദ്യ ക്ലാപ്പ് അടിച്ചത്. പ്രമോദ് പപ്പൻ കൂട്ടുകെട്ടിലെ പപ്പൻ, നടൻ രാമു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്, അമൽ രാജ്, ജിബിൻ ഗോപാൽ തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.