മിയാമി: യാത്രാ പ്രേമികളുടെ മനം കവരാന്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ‘ഐക്കണ്‍ ഓഫ് ദി സീസ്’. 2024 ജനുവരിയില്‍ കരീബിയന്‍ കടലിലേക്ക് ക്രൂയിസ് കപ്പല്‍ ഇറക്കാനാണ് അധികൃതരുടെ തീരുമാനം. ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നത്. 450-ലധികം വിദഗ്ധര്‍ അടങ്ങുന്ന സംഘം കപ്പലിന്റെ പ്രധാന എഞ്ചിനുകള്‍, വില്ലുകള്‍, പ്രൊപ്പല്ലറുകള്‍, ശബ്ദം, വൈബ്രേഷന്‍ ലെവലുകള്‍ തുടങ്ങിയവയെല്ലാം പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
1,200 അടി നീളവും, 2,50,800 ടണ്‍ ഭാരവുമുള്ള പടുകൂറ്റന്‍ കപ്പലായ ഓഫ് ദി സീസിന് ഏകദേശം 7,960 ഓളം ആളുകളെ വഹിക്കാനുള്ള ശേഷിയുണ്ട്. വാട്ടര്‍ തീം പാര്‍ക്ക്, നവീകരിച്ച പൂള്‍ ഡെക്കുകള്‍, അക്വാ ഡോം ഏരിയ, അക്വാ തിയേറ്റര്‍ തുടങ്ങി ഒട്ടനവധി അത്യാധുനിക സവിശേഷതകള്‍ കപ്പലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവിലെ ഏറ്റവും വലിയ കപ്പലായ ‘വണ്ടര്‍ ഓഫ് ദി സീസി’നെക്കാള്‍ 6 ശതമാനം വലുതും, 10 അടി നീളവുമുള്ളതാണ് ഐക്കണ്‍ ഓഫ് ദി സീസ്. റോയല്‍ കരീബിയന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രൂയിസ് കപ്പലാണ് ഐക്കണ്‍ ഓഫ് ദി സീസ്.