സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഹബ്; ആനക്കാംപൊയില്‍ പബ്ലിക് ലൈബ്രറിക്ക് ഇനി ഹരിത-ഡിജിറ്റല്‍ മുഖം

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഹബ്; ആനക്കാംപൊയില്‍ പബ്ലിക് ലൈബ്രറിക്ക് ഇനി ഹരിത-ഡിജിറ്റല്‍ മുഖം

കോഴിക്കോട് എന്‍.ഐ.ടിയിലെ ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ചാണ് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഹബ് ആരംഭിക്കുന്നത്

കോഴിക്കോട്: ജില്ലയില്‍ ആനക്കാംപൊയിലിലെ പബ്ലിക് ലൈബ്രറി ഇനിമുതല്‍ ഹരിതവും ഡിജിറ്റലും ആകുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ (എന്‍.ഐ.ടി.സി) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയേഴ്‌സ് (ഐ.ഇ.ഇ.ഇ) സ്റ്റുഡന്റ് ബ്രാഞ്ച് (എസ്ബി) നടപ്പാക്കുന്ന സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഹബ് പ്രോജക്റ്റ് മുഖാന്തിരമാണ് ലൈബ്രറി ഹരിതവും ഡിജിറ്റലും ആകുന്നത്.
വി.കെ കൃഷ്ണമേനോന്‍ പബ്ലിക് ലൈബ്രറിയില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ ഡിജിറ്റല്‍ ഹബ് തുറക്കുന്നതോടെ ജില്ലയിലെ ഒരു ചെറുപട്ടണമായ ആനക്കാംപൊയില്‍ പുതിയ കാലത്തെ വിദ്യാഭ്യാസ ശാക്തീകരണത്തിനും പുനരുപയോഗ ഊര്‍ജ ഉപയോഗത്തിനും സാക്ഷ്യം വഹിക്കും. എന്‍.ഐ.ടി കാലിക്കറ്റിന്റെ ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് ഐ.ഇ.ഇ.ഇ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആക്റ്റിവിറ്റീസ് കമ്മീഷന്‍ (എച്ച്.എ.സി) 3,11,013 രൂപ ധനസഹായം നല്‍കിയിട്ടുണ്ട്.
സൗരോര്‍ജ്ജത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ലൈബ്രറിയെ ഗ്രീന്‍ എനര്‍ജി സോണാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും  പദ്ധതി ആരംഭിക്കുന്നതോടെ ഗ്രന്ഥശാലയുടെ എല്ലാ വൈദ്യുതി ആവശ്യങ്ങളും സൗരോര്‍ജ്ജം വഴി നിര്‍വ്വഹിക്കുമെന്നും എന്‍.ഐ.ടി.സിയിലെ ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ച് കൗണ്‍സിലര്‍ ഡോ.കെ.വി.ഷിഹാബുദ്ദീന്‍ പറഞ്ഞു.
ആനക്കാംപൊയില്‍ നിവാസികളുടെ എല്ലാ കമ്പ്യൂട്ടേഷണല്‍ ആവശ്യങ്ങളും നിറവേറ്റുന്നതിനായാണ് കമ്പ്യൂട്ടറുകളും ഓള്‍-ഇന്‍-വണ്‍ പ്രിന്ററും അടങ്ങുന്ന ഡിജിറ്റല്‍ ഹബ്ബ് സജ്ജീകരിച്ചിരിക്കുന്നത്. ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറും ഡിജിറ്റല്‍ ഹബ് കൈകാര്യം ചെയ്യുന്നതിനുള്ള അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഹബ് സ്ഥിതി ചെയ്യുന്ന വി.കെ കൃഷ്ണമേനോന്‍ പബ്ലിക് ലൈബ്രറിയുടെ ഊര്‍ജ ചെലവ് കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
സൗരോര്‍ജ ഡിജിറ്റല്‍ ഹബ് പദ്ധതി ഞായറാഴ്ച തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. എന്‍.ഐ.ടി.സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ഐ.ഇ.ഇ.ഇ കേരള വിഭാഗം ചെയര്‍പേഴ്‌സണ്‍ പ്രൊഫ. മുഹമ്മദ് കാസിം എസ്, തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ്ജ് എം. തോമസ്, എന്‍.ഐ.ടി.സി സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ ഡോ. പ്രവീണ്‍ ശങ്കരന്‍ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.
പദ്ധതിയുടെ ഓപ്പണ്‍ സോഴ്‌സ് ഡിജിറ്റലൈസേഷന്‍ വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍ സാക്ഷരത എന്നിവയ്ക്ക് മുതല്‍ കൂട്ടാവുമെന്നും സാങ്കേതികതയുടെ അഭാവം പരിഹരിക്കുമെന്നും ഡോ. ഷിഹാബുദ്ദീന്‍ പറഞ്ഞു. പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി എന്ന സ്ഥാനമാണ് ആനക്കാംപൊയിലിനു ലഭിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *