ന്യൂഡല്‍ഹി: വ്യാജരേഖ കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം നല്‍കണമെന്ന ടീസ്റ്റ സെതല്‍വാദിന്റെ ആവശ്യം ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചു. എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹര്‍ജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സമാന കേസുകളിലെ ജാമ്യ ഹര്‍ജികളെല്ലാം ഗുജറാത്ത് ഹൈക്കോടതി ഇതുപോലെ നീട്ടിവയ്ക്കാറുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. തുടര്‍ന്നാണ് സുപ്രീംകോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
2002ലെ കലാപത്തില്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി 2022 ജൂണ്‍ 24ന് സുപ്രീംകോടതി ശരിവച്ചിരുന്നു. സര്‍ക്കാര്‍ – ഉദ്യോഗസ്ഥ തലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണമുന്നയിച്ച് സാകിയ ജഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.