ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വന്നാല്‍ രാജ്യത്ത് അഴിമതിയും കുംഭകോണങ്ങളും ആയിരിക്കും ഉണ്ടാവുക. മോദിയായാല്‍ തട്ടിപ്പുകാരെ ജയിലില്‍ അടക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. പാറ്റ്‌നയിലെ ബി.ജെ.പി പൊതുയോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. പ്രതിപക്ഷ ഐക്യത്തെയും നീക്കത്തെയും അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് കൂടിയവര്‍ അഴിമതിയില്‍ പങ്കുള്ളവരാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഉദ്ദേശ്യമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
അടുത്ത സംയുക്ത പ്രതിപക്ഷ യോഗം ബംഗളൂരുവിലാകുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. ജൂലൈ 13, 14 തീയതികളിലായി യോഗം നടക്കും. നേരത്തെ പന്ത്രണ്ടിന് ഷിംലയിലോ, ജയ്പൂരിലോ യോഗം നടക്കുമെന്നായിരുന്നു അഭ്യൂഹം. പൊതുമിനിമം പരിപാടി, മണ്ഡലങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥി തുടങ്ങി ഐക്യനീക്കത്തിലെ നിര്‍ണ്ണായക ഘടകങ്ങള്‍ വരുന്ന യോഗത്തില്‍ പ്രഖ്യാപിച്ചേക്കും.