കോഴിക്കോട്: മരുമകൻ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാൻ ഇവിടുത്തെ യാഥാസ്ഥിതിക മുസ്‌ലിങ്ങളുടെ വോട്ട് കിട്ടുക എന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുണിഫോം സിവിൽ കോഡിനെ എതിർക്കുന്നതെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. .ഏക സിവിൽ കോഡിനെ അനുകൂലിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമർശം.
സഖാവ് ഇ.എം.എസ് ഏക സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന ചരിത്രസത്യം പിണറായി വിജയൻ വിസ്മരിക്കരുത്. സിദ്ധാന്തവും പ്രയോഗവും തമ്മിൽ പുലബന്ധമില്ലാത്ത പിണറായി വിജയനോട് ഇ.എം.എസിനെ ക്വാട്ട് ചെയ്യുന്നത് വൃഥാവിലാണെന്നറിയാം എന്നും അബ്ദുള്ളക്കുട്ടി കുറിപ്പിൽ പറയുന്നു.
സി.പി.ഐയും സി.പി.എമ്മും ഏക സിവിൽ കോഡിനെ എതിർക്കുന്നതിൽ അത്ഭുതമുണ്ട്. കാരണം അവരുടെ പഴയ പാർട്ടി രേഖകൾ എല്ലാം പരിശോധിച്ചാൽ മനസ്സിലാവുന്നത് ഏക സിവിൽ കോഡിന് അനുകൂലമായിരുന്നു എന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
ആം ആദ്മിയെ പോലെ, ശിവസേന ബാൽ താക്കറെ വിഭാഗം പോലെ സി.പി.എം. ഒരു വിഭാഗം യു.സി.സി. അനുകൂലിക്കുന്ന അവസ്ഥ വരുമെന്നും
പിണറായിയുടെ പ്രീണന രാഷ്ട്രീയത്തിനെതിരെ ഒരു പൊട്ടിതെറി പാർട്ടിയിൽ അകലെയല്ലെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
മുസ്ലിം സമുദായത്തിലുള്ള ഉത്പതിഷ്ണുക്കൾ ഈ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തിൽ നിലപാടുകൾ സ്വീകരിച്ചു മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.