ഫ്രാന്‍സില്‍ പ്രതിഷേധത്തിന് അയവില്ല; ആയിരത്തോളം പേര്‍ അറസ്റ്റില്‍, കലാപകാരികളെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

ഫ്രാന്‍സില്‍ പ്രതിഷേധത്തിന് അയവില്ല; ആയിരത്തോളം പേര്‍ അറസ്റ്റില്‍, കലാപകാരികളെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

പാരിസ്: പോലിസ് കൗമാരക്കാരനെ പാരിസില്‍ വടിവച്ചു കൊന്നതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അയവില്ലാതെ തുടരുന്നു. നാല് ദിവസം പിന്നിട്ടിട്ടും തലസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ഫ്രഞ്ച് പോലിസിനായില്ല. ആയിരത്തിലേറെ പേരാണ് ഇതുവരെ അറസ്റ്റിലായത്. നിരവധിപേര്‍ക്ക് പരുക്കേറ്റു. കലാപത്തെ നേരിടാന്‍ പ്രത്യേക സേനയുള്‍പ്പെടെ 45,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വെള്ളിയാഴ്ച രാത്രി വിന്യസിച്ചത്. മാര്‍സെയിലും ലിയോണിലുമാണ് ഏറ്റവും മോശം സാഹചര്യം. ഈ ഭാഗങ്ങളില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു.
ഒറ്റരാത്രി കൊണ്ട് 994 അറസ്റ്റുകളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നടന്നത്. കലാപത്തിനിടെ 2,560 തീപിടുത്തങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്ര അറസ്റ്റ് നടന്നിട്ടുണ്ടെങ്കിലും മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ രാത്രിയിലെ പ്രതിഷേധത്തിന് തീവ്രത കുറവായിരുന്നു എന്നാണ് വിലയിരുത്തല്‍. പാരിസിലാകെ വിവിധ മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. ബസ്, ട്രാം തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. സംഘര്‍ഷം രൂക്ഷമായ ലിയോണിലെയും മാര്‍സെയിലിലെയും അക്രമങ്ങളെ അപലപിച്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനനിന്‍ രംഗത്തെത്തി. മാര്‍സെയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മേയര്‍ ബെനോയിറ്റ് പയന്‍ അറിയിച്ചു.

പാരീസിലെ നാന്‍ടെറിയില്‍ ജൂണ്‍ 27ന് ആഫ്രിക്കന്‍ വംശജനായ നഹേല്‍ എന്ന 17 കാരനെയാണ് പോലിസ് വെടിവച്ച് കൊന്നത്. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്. തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് പോലിസുകാരന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വെടിയുതിര്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ശക്തിപ്പെട്ടത്. പോലിസുകാര്‍ക്കുനേരെ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനാണ് വെടിവച്ചതെന്ന പോലിസിന്റെ വിശദീകരണം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കൗമാരക്കാരനെതിരെ വെടിയുതിര്‍ത്ത പോലിസ് ഉദ്യോഗസ്ഥനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *