ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് സർട്ടിഫിക്കറ്റാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് ലഭിച്ചത്.
കമ്പനി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് അംഗീകാരം.
2019 ലാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് സിനിമാ നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ആ വർഷം ഒമ്പത് ചിത്രങ്ങൾ കമ്പനി പുറത്തിറക്കി. രജനികാന്തിന്റെ പേട്ട, വിജയ് നായകനായ ബിഗിൽ, 83, കെ.ജി.എഫ്, കാന്താര, ധൂമം തുടങ്ങിയ ചിത്രങ്ങൾ വിതരണം ചെയ്തതും ഇവരാണ്.
പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം.