തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ; എതിർപ്പുമായി സർക്കാർ

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ; എതിർപ്പുമായി സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ സ്വകാര്യ ബില്ലിനെതിരെ സംസ്ഥാന സർക്കാർ. ഈ ആവശ്യം പരി​ഗണിക്കേണ്ടതില്ലെന്നും നിർദേശം നിരാകരിക്കണമെന്നും കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാർച്ചിലാണ് കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ ലോക്‌സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കേരള ചീഫ് സെക്രട്ടറിയോട് അഭിപ്രായം തേടുകയും ചെയ്തു. എന്നാൽ തലസ്ഥാനം മാറ്റേണ്ട സാഹചര്യം ഇപ്പോൾ കേരളത്തിൽ ഇല്ലെന്നാണ് കേന്ദ്രത്തിനുള്ള കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.

ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ മധ്യഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിൽ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നായിരുന്നു ഹൈബി ഈഡന്റെ ആവശ്യം. തെക്കേ അറ്റത്തുള്ള ന​ഗരമെന്ന നിലയിൽ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് വന്ന് പോവുന്നത് വടക്കേ ജില്ലക്കാർക്ക് ബുദ്ധിമുട്ടാണെന്നും ഹൈബി ബില്ലിൽ ചൂണ്ടിക്കാണിക്കുന്നു.

1954ലാണ് തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്ന നിലപാട് എടുത്തത്. ആ സാഹചര്യം തന്നെയാണ് സംസ്ഥാനത്ത്‌ ഇപ്പോഴും നിലനിൽക്കുന്നതെന്നും കേരളം കേന്ദ്രസർക്കാരിനെ അറിയിച്ചു.

ഹൈബി ഈഡൻ വ്യക്തമായ ഗൃഹപാഠം ചെയ്യാതെയാണ് ബില്ല് അവതരിപ്പിച്ചതെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. അതേസമയം തലസ്ഥാനം മാറ്റണമെന്ന ഹൈബിയുടെ നിലപാട് കോൺഗ്രസിന്റെ നിലപാടാണോയെന്ന ചോദ്യവും സി.പി.എം ഉയർത്തുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *