ന്യൂഡൽഹി: ഉപഭോക്താവിന് ഒരു ദിവസം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം താൽകാലികമായി പരിമിതപ്പെടുത്തി ട്വിറ്റർ. ശനിയാഴ്ച ഇലോൺ മസ്ക് ആണ് ഇക്കാര്യം അറിയിച്ചത്. വൻതോതിലുള്ള ഡാറ്റാ സ്ക്രാപ്പിങും സിസ്റ്റത്തിലെ കൃത്രിമം കാണിക്കലും തടയുന്നതിന് വേണ്ടിയാണിതെന്ന് മസ്ക് പറഞ്ഞു.
ഇത് പ്രകാരം വെരിഫൈഡ് അക്കൗണ്ടുകൾക്ക് പ്രതിദിനം 6000 പോസ്റ്റുകൾ വായിക്കാം. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുൾക്ക് 600 പോസ്റ്റുകൾ മാത്രമേ വായിക്കാൻ സാധിക്കുകയുള്ളൂ. പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 300 പോസ്റ്റുകൾമാത്രമേ പ്രതിദിനം കാണാനാവൂ.
വെള്ളിയാഴ്ച ട്വിറ്ററിൽ സൈൻ ഇൻ ചെയ്യാതെ ട്വീറ്റുകളും പൊഫൈലുകളും കാണുന്നതിൽ നിന്ന് ട്വിറ്റർ തടഞ്ഞിരുന്നു. ഈ ഉപഭോക്താക്കളോട് പുതിയ അക്കൗണ്ട് നിർമിക്കാനും നിലവിലുള്ള അക്കൗണ്ടിൽ ലോഗിൻ ചെയ്യാനും ആവശ്യപ്പെട്ടു.
പരിധിയില്ലാതെ ട്വീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനാൽ വൻതോതിൽ ഡാറ്റ കൊള്ളയടിക്കപ്പെടുകയാണെന്ന് ട്വിറ്റർ പറയുന്നു. ഇക്കാരണത്താലാണ് ട്വീറ്റുകൾ കാണുന്നതിന് പ്രതിദിന പരിധി ഏർപ്പെടുത്തിയത്.