ആര്‍.കെ ഇരവില്‍ 1973ല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വീട്ടില്‍ റേഡിയോ വാങ്ങുന്നത്. അക്കാലം റേഡിയോ തന്നെ ഒരു അദ്ഭുതവസ്തുവായിരുന്നു. ഇതില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കൈരളി റേഡിയോ ക്ലബ് ആരംഭിക്കുന്നത്. കൂട്ടുകാരായ ഭാര്‍ഗവന്‍, സഹോദരനായ ഇരവില്‍ സോമരാജന്‍, പങ്കജാക്ഷന്‍, ബാലചന്ദ്രന്‍ എന്നിവരെല്ലാം ചേര്‍ന്നാണ് റേഡിയോ ക്ലബ് രൂപീകരിക്കാന്‍ പ്രവര്‍ത്തിച്ചത്. അധ്യാപകനായ മാധവന്‍മാസ്റ്റര്‍ എല്ലാ ഉപദേശ-നിര്‍ദേശങ്ങളും നല്‍കി പ്രോത്സാഹിപ്പിച്ചു. കൈരളി റേഡിയോ ക്ലബിന്റെ പ്രവര്‍ത്തനത്തിന് മേപ്പയ്യൂര്‍ ഗവ.എച്ച്.എസ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ മേപ്പയ്യൂര്‍ കുഞ്ഞുമാസ്റ്ററും കൂടെയുണ്ടായിരുന്നു.
ക്ലബിന് ആകാശവാണി അംഗീകാരം നല്‍കി. നീണ്ട 20 വര്‍ഷക്കാലം ആകാശവാണിയില്‍ ശിശുലോകം, ബാലലോകം, യുവവാണി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. 1985ലാണ് ഇരവില്‍ എഴുതിയ നാടകം ആകാശവാണിയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍വച്ച് ക്ഷണിക്കപ്പെട്ട സദസിന് മുമ്പില്‍ അവതരിപ്പിച്ചത്. അഹിംസയുടെ വിജയം (ശ്രീബുദ്ധന്‍ അഹിംസയിലൂടെ നേടിയ വിജയത്തിന്റെ കഥ) പിന്നീട് ആകാശവാണി പ്രക്ഷേപണം ചെയ്തു. ക്ലബിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍-കല്‍പ്പത്തൂര്‍ റോഡില്‍ 200ലധികം മരങ്ങള്‍ വച്ചുപിടിപ്പിക്കുകയുണ്ടായി.
കോഴിക്കോട് മെഡിക്കല്‍കോളേജ് നേത്ര വിഭാഗത്തിന്റെ സഹായത്തോടെ മൂന്ന് മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. ഇരവിലിന് 20 വയസുള്ളപ്പോഴാണ് ദക്ഷിണ ഭാരത് ഹിന്ദി പ്രചാരക് സഭയുടെ വിശാരദ്, പ്രവീണ്‍ ബിരുദങ്ങള്‍ കരസ്ഥമാക്കുന്നത്. സമൂഹത്തിന്റെ ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തികൊണ്ട് വരികയെന്ന ഉദ്ദേശത്തോടുകൂടി കേരളത്തില്‍ തന്നെ ആദ്യമായി മേപ്പയ്യൂരില്‍വച്ച് സാംബകലാമേള സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ജാഥ മേപ്പയ്യൂരില്‍ സംഘടിപ്പിക്കുകയും ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ക്ലോറിനേഷനും മരുന്ന് വിതരണവും നടത്തുകയുണ്ടായി. മറ്റൊരു ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു മേപ്പയൂര്‍-കളരിക്കണ്ടിമുക്ക്-ആവള വരെ കെ.എസ്ആര്‍.ടി.സി ബസ് കൊണ്ടുവരാന്‍ മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനം. ഒമ്പത് വര്‍ഷക്കാലം കെ.എസ്.ആര്‍.ടി.സി ഈ റൂട്ടില്‍ സര്‍വീസ് നടത്തി. പിന്നീട് സര്‍വീസ് നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ടി.ഒയുടെ ഓഫിസിന് മുന്‍പില്‍ ഏകാംഗ നിരാഹാരം നടത്തുകയും എ.കണാരന്‍ എം.എല്‍.എ ഇടപ്പെട്ട് ബസ് സര്‍വീസ് പുനഃസ്ഥാപിക്കുകയും ചെയ്തു.
വിദ്യാര്‍ഥിയായിരിക്കുമ്പോഴും യുവാവായിരിക്കുമ്പോഴും സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ആര്‍.കെ ഇരവില്‍. എ.കണാരന്‍ എം.എല്‍.എയുടെ ഇടപെടലിലൂടെ മേപ്പയൂര്‍-നൊച്ചാട് ഭാഗത്ത് 170 വീടുകള്‍ക്ക് തമസോജ്യോതിര്‍ഗമയ പദ്ധതിയിലൂടെ മിനിമം ഗ്യാരണ്ടി പ്രകാരമുള്ള വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ ആര്‍.കെ ഇരവില്‍ വലിയ പ്രവര്‍ത്തനമാണ് നടത്തിയത്. മേപ്പയൂരിലെ തുളസി വിദ്യാലയത്തിലാണ് ആദ്യമായി സൗജന്യ ഹിന്ദി പഠനം ആരംഭിക്കുന്നത്. ഇക്കാലത്താണ് അഞ്ച് മുതല്‍ ഏഴ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഹിന്ദി ക്ലാസുകള്‍ നടത്തിയത്.
എസ്.എസ്.എല്‍.സിക്ക് ശേഷം പ്രീഡിഗ്രിയും തുടര്‍ന്ന് മലയാളം ബി.എയും എടുത്തതിന് ശേഷം ഹിന്ദി അധ്യാപക മേഖലയിലേക്ക് തിരിയുകയായിരുന്നു അദ്ദേഹം. 36ാം വയസ്സിലാണ് മലാപറമ്പ് എ.യു.പി സ്‌കൂളില്‍ ഹിന്ദി അധ്യാപകനായി ജോലിക്ക് ചേരുന്നത്. ഹിന്ദിക്ക് പുറമേ മലയാളവും പരിസരപഠനവും ഇവിടെ പഠിപ്പിച്ചു. ഹിന്ദി ഡിഗ്രി പഠനത്തിന് ശേഷമാണ് ഏഴുവര്‍ഷക്കാലം സലഫിയ ആര്‍ട്‌സ് ആന്റ് അറബിക് കോളേജില്‍ ഹിന്ദി അധ്യാപകനായി ജോലി ചെയ്തു. സ്‌കൂള്‍ അധ്യാപകനായി റിട്ടയര്‍ ചെയ്തതിന് ശേഷം സാമൂഹികരംഗത്തും ഹിന്ദി ഭാഷാ പ്രചാര രംഗത്തും കൂടുതല്‍ സജീവമായി. ഹിന്ദി ബിരുദം ലഭിച്ചതിന് ശേഷമാണ് ഹിന്ദി ഗ്രാജുവേറ്റ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുക്കുകയും പത്തുവര്‍ഷക്കാലം അതിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇക്കാലത്താണ് കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, മലപ്പുറം ജില്ലകളില്‍ സൗജന്യ ഹിന്ദി കോഴ്‌സുകള്‍ ഹിന്ദി ഗ്രാജുവേറ്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിയത്. തന്റെ 18ാമത്തെ വയസ് മുതല്‍ 18 വര്‍ഷക്കാലം കെ.പി ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് എസ് യൂത്തിന്റെ മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും സജീവമായി പ്രവര്‍ത്തിച്ചു.
ഹിന്ദി അധ്യാപകനായി സര്‍വീസില്‍ കയറിയതിന് ശേഷമാണ് ഹിന്ദി അധ്യാപക സംഘടന രൂപീകരിക്കാന്‍ മുന്‍കൈയ്യെടുക്കുകയും പരേതനായ വില്യം കെ.ബര്‍ഗ് തിരുവനന്തപുരം എന്ന ഹിന്ദി അധ്യാപകന്‍ സ്റ്റേറ്റ് പ്രസിഡന്റായിക്കൊണ്ട് ഹിന്ദി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള രൂപീകരിക്കുകയും ചെയ്തത്. അക്കാലത്ത് യുവജനോത്സവങ്ങളില്‍ കേവലം രണ്ട് ഇനത്തില്‍ മാത്രമേ ഹിന്ദിക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നുള്ളൂ. ഈ പരിമിതി പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഹിന്ദികലോത്സവം ഏഴ് വര്‍ഷക്കാലം നടത്തുകയുണ്ടായി. താന്‍ ജോലി ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂള്‍ അടച്ചുപൂട്ടി റിയല്‍ എസ്റ്റേറ്റിനായി ശ്രമമാരംഭിച്ചപ്പോള്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചെറുത്ത് നില്‍പ്പുകളിലും ആര്‍.കെ ഇരവില്‍ മുന്‍നിരയിലുണ്ടായിരുന്നു. വലിയ പോരാട്ടത്തിന്റെ ഫലമായി ഈ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇപ്പോള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വരികയും ചെയ്യുന്നുണ്ട്. ഹിന്ദി അധ്യാപകര്‍ രാഷ്ട്രഭാഷാ വേദി എന്ന പേരില്‍ ഹിന്ദി കൂട്ടായ്മ രൂപീകരിക്കുകയും കഴിഞ്ഞ ആറ് വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ആകാശവാണിക്ക് വേണ്ടി 200ഓളം ലളിതഗാനങ്ങളും ചെറുകഥകളും ഹിന്ദി പാഠഭാഗങ്ങളും ആര്‍.കെ ഇരവില്‍ അവതരിപ്പിച്ചിട്ടുണ്ട്. മലാപറമ്പ് സ്‌കൂളില്‍ പഠിപ്പിക്കുന്ന കാലത്താണ് സ്‌കൂളിനോട് ചേര്‍ന്നുള്ള തേജസ് അങ്കണവാടിയുടെ ക്ഷേമകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്കായി ബാലലോകം, ആകാശവാണിയുമായി സഹകരിച്ച് നടപ്പിലാക്കി. കര്‍മരംഗത്തെ സേവനം പരിഗണിച്ച് 2018ല്‍ മില്ലത്ത് എജ്യുക്കേഷന്‍ സൊസൈറ്റി ‘എസ്.എ പുതിയവളപ്പില്‍ പ്രഥമപുരസ്‌കാരം’ നല്‍കി ആദരിച്ചു. ഡോ.ആര്‍സുവിന്റെ നേതൃത്വത്തിലുള്ള ഭാഷാ സമന്വയ വേദിയുടെ 2020ലെ ഹിന്ദി സേവി സമ്മാന്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സാമൂഹിക-സാംസ്‌കാരിക-കലാമേഖലകളില്‍ സജീവ സാന്നിധ്യമാണ് ഇപ്പോഴും ആര്‍.കെ ഇരവില്‍.