കൊച്ചി: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. പി.വി ശ്രീനിജന്‍ എം.എല്‍.എ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ഷാജന്‍ സക്റിയക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. എസ്.സി എസ്.ടി പീഡന വിരുദ്ധ നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും പി.വി ശ്രീനിജന് വേണ്ടി അഡ്വ.അരുണ്‍കുമാറുമാണ് കോടതിയില്‍ ഹാജരായത്. വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി ശ്രീനിജിന്‍ എം. എല്‍.എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലിസ് ഷാജനെതിരെ കേസെടുത്തത്.
കഴിഞ്ഞ 29ന് ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ ഇയാളോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇയാള്‍ ഒളിവില്‍ പോയി. ജാമ്യം നിഷേധിച്ചതോടെ ഷാജന്‍ സക്റിയ അറസ്റ്റിലായേക്കും എന്നാണ് അറിയുന്നത്. പോലിസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഷാജനായി തിരച്ചില്‍ നടത്തുകയാണ്. ഇയാള്‍ സംസ്ഥാനം വിട്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഷാജന്റെ അറസ്റ്റിന് നിയമപരമായി ഇനി തടസമില്ല.