തലശ്ശേരി: നൂറ് രൂപയുടെ നോട്ടുമായി ശൗചാലയത്തിലെത്തിയ 50 കാരന് ഓര്‍ക്കാപ്പുറത്ത് കിട്ടിയത് 95 രൂപയുടെ നാണയത്തുട്ടുകളും തലക്കടിയും. കഴിഞ്ഞ ദിവസം രാത്രിയില്‍ ആറളം ഓടക്കാട്ടെ ഷാഹിദ മന്‍സിലില്‍ അശ്‌റഫിനാണ് തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും ദുരനുഭവമുണ്ടായത്. പരിക്കേറ്റ അഷ്‌റഫിന്റെ പരാതിയില്‍ കേസെടുത്ത തലശ്ശേരി പോലിസ് കുഴപ്പം സൃഷ്ടിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബീഹാര്‍ സ്വദേശികളായ വിനോദ് കുമാര്‍(43), ശിവകുമാര്‍(27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കംഫര്‍ട്ട് സ്റ്റേഷനിലെ കരാര്‍ തൊഴിലാളികളാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമം 308,324 വകുപ്പിലാണ് കേസ്. കോടതി രണ്ട് പേരെയും റിമാന്റ് ചെയ്ത് ജയിലിലടച്ചു. രാത്രി 10 മണിയോടെ മൂത്രപ്പുരയില്‍ പോകാനെത്തിയ അശ്‌റഫിന്റെ കൈയ്യില്‍ 100 രൂപയുടെ ഒറ്റനോട്ടും ചില്ലറയായി 3 രൂപയും മാത്രമേ ഉണ്ടായുള്ളൂ. 5 രൂപയാണ് ചാര്‍ജ്. മൂന്ന് പോര 5 തന്നെ വേണമെന്ന് നിര്‍ബ്ബന്ധിച്ചതിനാല്‍ അശ്‌റഫ് 100 രൂപ നോട്ട് നല്‍കി. ബാക്കി 95 രൂപയുടെ ചില്ലറ വാരി നല്‍കിയപ്പോള്‍ അശ്‌റഫ് വാങ്ങിയില്ല. വാക്ക് തര്‍ക്കത്തിനിടയില്‍ പണം വാങ്ങാതെ തിരിഞ്ഞു നടക്കുകയായിരുന്ന അശ്‌റഫിനെ വിനോദും ശിവനും മുളവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.