വി.പി സിംഗ് : സാമൂഹ്യ നീതി മുദ്രാവാക്യമാക്കിയ വിപ്ലവകാരി

വി.പി സിംഗ് : സാമൂഹ്യ നീതി മുദ്രാവാക്യമാക്കിയ വിപ്ലവകാരി

മാന്നാനം സുരേഷ് (രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡണ്ട്, ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡണ്ട്)

 

മുന്‍ പ്രധാന മന്ത്രിയും ജനതാദളിന്റെ സ്ഥാപക പ്രസിഡന്റുമായ വി.പി സിംഗ് ഓര്‍മ്മയായിട്ട് നവംബര്‍ 27-ന് 15 വര്‍ഷം തികയുകയാണ്. ജൂണ്‍ 25 അദ്ദേഹത്തിന്റെ ജന്മദിനമാണ്. ജനതാദളിന്റെ അടിസ്ഥാനതത്വങ്ങളായ സാമൂഹ്യനീതി, മതേതരത്വം, അഴിമതി രഹിത ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ക്ക് ആധാര ശിലയിട്ട വി.പി സിംഗ്, നെഹ്റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ധിഷണാശാലിയായ പ്രധാനമന്ത്രിയായിരുന്നു.

1931 ജൂണ്‍ 25 നു യു.പിയിലെ മാണ്ഡ്യാ രാജകുടുംബത്തിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഡെറാഡൂണിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. നന്നേ ചെറുപ്പത്തില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിച്ചു. 1980 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. 1984 ലെ പൊതു തിരഞ്ഞെടുപ്പോടുകൂടി ദേശീയരാഷ്ട്രീയത്തിലേക്ക് അദ്ദേഹം ചുവടുവെച്ചു.

1984 ലെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായി ചുമതലയേറ്റു. സ്വര്‍ണ്ണത്തിനുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കുക വഴി, സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാന്‍ കഴിഞ്ഞു. സാമ്പത്തിക നയങ്ങളില്‍ കാലോചിതവും വിപ്ലവകരവുമായ നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കി. ബോഫോഴ്‌സ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വവും എം.പി സ്ഥാനവും രാജിവെച്ചു. ആരിഫ് മുഹമ്മദ് ഖാനും അരുണ്‍ നെഹ്‌റുവിനും ഒപ്പം ജനമോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. അലഹബാദ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനെ പരാജയപ്പെടുത്തി സിംഗ് വീണ്ടും ലോക്‌സഭയിലെത്തി.

1988 ഒക്ടോബര്‍ 11 ന് ജനമോര്‍ച്ച, ജനതാ പാര്‍ട്ടി, ലോക്ദള്‍, കോണ്‍ഗ്രസ് (എസ്.) എന്നീ പാര്‍ട്ടികള്‍ ലയിച്ച് ജനതാ ദള്‍ രൂപീകരിച്ചപ്പോള്‍ വി.പി. സിംഗ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്ന മറ്റു ചില പ്രാദേശിക പാര്‍ട്ടികള്‍ കൂടി ജനതാദളിനെ പിന്തുണക്കുകയുണ്ടായി. ഡി.എം.കെ, തെലുഗുദേശം, ആസാം ഗണ പരിഷത്, എന്നീങ്ങനെയുള്ള പാര്‍ട്ടികള്‍ ജനതാദളുമായി ചേര്‍ന്ന് നാഷണല്‍ ഫ്രണ്ട് എന്ന ദേശീയ മുന്നണി രൂപീകരിച്ചു.

ബി.ജെ.പിക്കും, കോണ്‍ഗ്രസ്സിനും ഉള്ള ബദല്‍ എന്ന നിലയിലായിരുന്നു നാഷണല്‍ ഫ്രണ്ട് രൂപംകൊണ്ടത്. വി.പി സിംഗ് കണ്‍വീനറും, എന്‍.ടി. രാമറാവു പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

1989 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പുറത്തു നിന്നുള്ള പിന്തുണയോടെ, മന്ത്രിസഭ രൂപീകരിക്കുവാനുള്ള നേരിയ ഭൂരിപക്ഷം നാഷണല്‍ ഫ്രണ്ടിനു ലഭിച്ചു. നാഷണല്‍ ഫ്രണ്ടിന്റെ അവകാശവാദം രാഷ്ട്രപതി അംഗീകരിച്ചു.

ഡിസംബര്‍ 1 ന് പാര്‍ലിമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന നാഷണല്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ വി.പി സിംഗ് അപ്രതീക്ഷിതമായി ദേവി ലാലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. വി.പി സിംഗ് തന്നെയായിരിക്കും പ്രധാനമന്ത്രി എന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഈ നീക്കം അംഗങ്ങളെ അത്ഭുതപ്പെടുത്തി. എന്നാല്‍ ഹരിയാനയില്‍ നിന്നുള്ള ദേവിലാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു വരാന്‍ വിസമ്മതിക്കുകയും വി.പി സിംഗിനെ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് നാഷണല്‍ ഫ്രണ്ടിന്റെ പാര്‍ലിമെന്ററി യോഗം വി.പി സിംഗിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 1989 ഡിസംബര്‍ 2 മുതല്‍ 1990 നവംബര്‍ 10 വരെയുള്ള കാലയളവില്‍ വി.പി സിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചു.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത് സിംഗ് ആണ്. സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയിലും സര്‍ക്കാര്‍ സേവനമേഖലയിലും സംവരണം നടപ്പിലാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ബി.പി മണ്ഡലിന്റെ നേതൃത്വത്തിലായിരുന്നു കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാഭ്യാസമേഖലയിലും, സര്‍ക്കാര്‍ ജോലിയിലും ഒരു നിശ്ചിത ശതമാനം സമൂഹത്തിലെ പിന്നോക്കക്കാര്‍ക്ക് നല്‍കിയിരിക്കണം എന്നതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വി.പി സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദുസമുദായത്തിലെ തന്നെ ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ അപ്രീതി നേടാന്‍ ഇത് കാരണമാക്കി. പക്ഷേ ഇത്തരം എതിര്‍പ്പുകളെ ഒരു കൂട്ടുമുന്നണിയിലായിരുന്നിട്ടുപോലും സിംഗ് ലാഘവത്വത്തോടെയാണ് നേരിട്ടത്.

വടക്കേ ഇന്ത്യയില്‍ സമരങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. കോണ്‍ഗ്രസ്സും, ബി.ജെ.പിയും സമരങ്ങള്‍ക്ക് പിന്തുണ നല്‍കി. സമരത്തിനിടെ വിദ്യാര്‍ത്ഥിയായ രാജീവ് ഗോസ്വാമി പൊള്ളലേറ്റു മരിച്ചു.

ഇതിനിടയില്‍ ബി.ജെ.പി അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്തേക്ക് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചു. രഥയാത്ര മതവികാരങ്ങളെ ഹനിക്കുമെന്നതിനാല്‍ സിംഗിന്റെ പ്രത്യേക ഉത്തരവു പ്രകാരം യാത്ര അയോധ്യയില്‍ എത്തുന്നതിനു മുമ്പ് ബീഹാറിലെ സമസ്തിപൂരില്‍ വെച്ച് അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായിരുന്നു ലാലു പ്രസാദ് യാദവ് ജി അദ്വാനിയെ അറസ്റ്റു അറസ്റ്റ് ചെയ്തു. 1990 ഒക്ടോബര്‍ 30 ന് അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ അദ്വാനി പ്രഖ്യാപിച്ച കര്‍-സേവയും തടയപ്പെട്ടു.

ഇതോടെ ബി.ജെ.പി നാഷണല്‍ ഫ്രണ്ടിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ്സും എതിര്‍ചേരിയിലായിരുന്നു. അങ്ങനെ വി.പി സിംഗ് സര്‍ക്കാര്‍ ന്യൂനപക്ഷമായി.

പാര്‍ലിമെന്റില്‍ വിശ്വാസവോട്ട് തേടാന്‍ സിംഗിനായില്ല. താന്‍ മതേതരത്വത്തിനായാണ് നിലകൊണ്ടതെന്നും താന്‍ കസേരയില്‍ ഇരിക്കുന്ന അവസാന നിമിഷം വരെ ബാബരി മസ്ജിദ് സംരക്ഷിക്കുവാന്‍ തനിക്കു കഴിഞ്ഞുവെന്നും സിംഗ് അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞു. ഏതു തരത്തിലുള്ള ഇന്ത്യയെയാണ് നിങ്ങള്‍ക്കാവശ്യമെന്ന് ഈ ചര്‍ച്ചയില്‍ സിംഗ് തന്റെ എതിരാളികളോട് ചോദിച്ചു.

346 ന് എതിരേ 142 വോട്ടുകള്‍ക്ക് പ്രമേയം പരാജയപ്പെട്ടു. കോണ്‍ഗ്രസ്സും ബി.ജെ.പിയും സംയുക്തമായി എതിര്‍ത്ത് വോട്ടുചെയ്തു. സഭയില്‍ വിശ്വാസം തെളിയിക്കാനാവാതെ സിംഗ് പ്രധാനമന്ത്രി പദം രാജിവെച്ചു.

തൊട്ടു പിന്നാലെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സിംഗ് വിജയിച്ചുവെങ്കിലും ജനതാദളിന് പ്രതിപക്ഷത്തിരിക്കാനേ കഴിഞ്ഞുള്ളു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ്സ് നല്ല ഭൂരിപക്ഷത്തോടെയാണ് ലോക സഭയിലെത്തിയത്.

പിന്നീടുള്ള നാളുകളില്‍ മതേതര ഇന്ത്യക്കുവേണ്ടി സിംഗ് നിരന്തരമായി പ്രയത്‌നിച്ചു. ഇതിനു വേണ്ടി അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിച്ചു.

1996 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. സ്വാഭാവികമായും വി.പി സിംഗ് പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്ന് എല്ലാവരും ധരിച്ചു. ഒരു മതേതര സര്‍ക്കാരിനായാണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്.

കമ്മ്യൂണിസ്റ്റ് നേതാവായ ജ്യോതി ബസു ഉള്‍പ്പടെയുള്ള നേതാക്കള്‍ സിംഗിന് പ്രധാനമന്ത്രി പദവി വച്ചു നീട്ടിയെങ്കിലും സിംഗ് അത് നിരസിച്ചു. തുടര്‍ന്ന് ദേവഗൗഡയും പിന്നാലെ ഐ.കെ ഗുജ്‌റാലും പ്രധാനമന്ത്രിമാരായി.

അധികാരസ്ഥാനത്തോട് യാതൊരു അത്യാഗ്രഹവും ഇല്ലാതിരുന്ന വി.പി സിംഗാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് കെ.ആര്‍ നാരായണനെ നിര്‍ദ്ദേശിച്ചത്. വൈകാതെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിംഗ് സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.

2008 നവംബര്‍ 27-ന് ഡല്‍ഹിയില്‍ വച്ച് അര്‍ബുദ രോഗബാധിതനായി വി.പി സിംഗ് ലോകത്തോടു വിടപറഞ്ഞു.

ജനതാദളിന്റെ അടിസ്ഥാനതത്വങ്ങളായ സാമൂഹ്യനീതി, മതേതരത്വം, അഴിമതി രഹിത ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ക്ക് ആധാര ശിലയിട്ട മഹാ നേതാവാണ് വി.പി സിംഗ്. അദ്ദേഹത്തെപ്പോലോരു മതേതര നേതാവിനായി ഇന്ത്യ കാതോര്‍ത്തിരിക്കുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *