‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടതായി റിപ്പോര്‍ട്ട്. ബസില്‍ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാലിന്റെ ലിഗമെന്റിനു പരുക്കേല്‍ക്കുകയായിരുന്നു. ഇതിന് പ്രത്യേകം ശസ്ത്രക്രിയകള്‍ വേണ്ടിവന്നു.
എന്തായാലും മാസങ്ങള്‍ നീണ്ട വിശ്രമത്തിന് ശേഷമേ പരിക്ക് പൂര്‍ണമായും ഭേദമാവൂ. ശസ്ത്രക്രിയയ്ക്ക് ശേഷം ഇനിയുള്ള കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണെന്നും ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. തന്നോട് സ്‌നേഹം പ്രകടിപ്പിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാലിലെ ലിഗമെന്റില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയക്കാണ് പൃഥ്വിരാജ് വിധേയനായത്.
മറയൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘വിലായത്ത് ബുദ്ധ’ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. രണ്ടു മാസം വിശ്രമത്തിലേക്ക് പോകുന്നതോടെ ‘വിലായത്ത് ബുദ്ധ’യ്ക്ക് പുറമേ എമ്പുരാന്‍, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇനിയും നീളും. ജൂലൈ രണ്ടിന് ‘എമ്പുരാ’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ സഹസംവിധായകന്‍ ആയിരുന്നു ജയന്‍ നമ്പ്യാര്‍. ജി.ആര്‍ ഇന്ദുഗോപന്റെ നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരില്‍ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.