ദില്ലി : മണിപ്പൂരില്‍ ബി.ജെ.പി മേഖല ഓഫീസിന് സമീപം വന്‍ സംഘര്‍ഷം. വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവില്‍ ഇറങ്ങുകയായിരുന്നു. ആള്‍കൂട്ടം റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. റോഡ് തടഞ്ഞും ജനം പ്രതിഷേധിച്ചതോടെ ആളുകളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. അദ്ദേഹം ഹോട്ടലില്‍ സുരക്ഷിതനാണ്. എന്നാല്‍ താന്‍ താമസിക്കുന്ന ഹോട്ടലിന് ചുറ്റും വെടിയൊച്ച കേള്‍ക്കുന്നതായി സ്ഥലത്തുള്ള സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞു. പുറത്തെന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. ഹോട്ടലിന് പുറത്ത് നിന്നും വെടിയൊച്ച കേള്‍ക്കാം. സര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായി ഇടപെടുന്നില്ലെന്നും ആനി രാജ ആരോപിച്ചു.
അതേ സമയം, കലാപം നടക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞത് രാവിലെ സംഘര്‍ഷത്തില്‍ കലാശിച്ചു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, വ്യോമമാര്‍ഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധം നേരിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.