ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിൽ ബി.ജെ.പി. ഓഫീസിനു മുന്നില തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല എന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാൽ ഉൾപ്പടെയുള്ള മേഖലകളിൽ സംഘർഷാവസ്ഥയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് പുലർച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിയേറ്റു മരിച്ചയാളുടെ മൃതദേഹവുമായി ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ഇതിനിടെ പോലീസും ആൾക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.