അഗർത്തല: പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ത്രിപുരയിൽ പട്ടാപ്പകൽ യുവാവിനെ തല്ലിക്കൊന്നു. നന്ദു സർക്കാർ എന്നയാളാണ് കൊല്ലപ്പെട്ടത്. പോലീസെത്തിയിട്ടും ഇയാൾക്ക് മർദനം ഏൽക്കേണ്ടി വന്നു. കിഴക്കൻ അഗർത്തല പൊലീസ് സ്റ്റേഷന് കീഴിലുള്ള ബൽദാഖൽ പാലത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
എട്ട് മണിയോടെ നന്ദു സർക്കാരിനെ വീട്ടിൽ നിന്ന് ബലമായി വലിച്ചിറക്കി കൊണ്ടുപോയി പാലത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് സ്ത്രീകളും പുരുഷന്മാരും ചേർന്ന് മുളവടി കൊണ്ട് മർദിച്ചു.
ഗുരുതരാവസ്ഥയിൽ റനീർബസാർ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആന്തരിക പരിക്കുകളാകാം മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.