അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. കേന്ദ്ര സര്‍ക്കാര്‍, കേരള-തമിഴ്‌നാട് സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ ആനന്ദന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.
പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പഠനം നടത്തണം തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്‌ഹേ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്. ഹര്‍ജി ജൂലായ് അഞ്ചിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ഒരു ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.