പാലക്കാട്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന ചടങ്ങിനിടെ വധുവിന്റേയും വരന്റെയും തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പോലീസിന് വനിതാ കമ്മീഷൻ നിർദേശം നൽകി.
കഴിഞ്ഞ ജൂൺ 25ന് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പ്രവവേശിക്കുന്നതിനിടയിലാണ് ബന്ധുക്കളിൽ ഒരാൾ ഇരുവരുടെയും തല കൂട്ടിയിടിപ്പിച്ചത്. ചടങ്ങിനിടെ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. അപ്രതീക്ഷിതമായി തല കൂട്ടിയിടിപ്പിച്ചപ്പോൾ വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയിൽ കാണാമായിരുന്നു.
തുടർന്ന് തങ്ങൾക്കുണ്ടായ ദുരനുഭവം വിവിധ ചാനലുകളുമായും ദമ്പതികൾ പങ്കുവെച്ചിരുന്നു. തല കൂട്ടിയിടിച്ചയാളുമായി സംസാരിച്ചിരുന്നുവെന്നും പ്രവൃത്തിയെ തുടർന്നുണ്ടായ പ്രയാസം അറിയിച്ചിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു. എങ്കിലും ഇവർ നിയമനടപടി സ്വീകരിച്ചിരുന്നില്ല. ഇത് ചെയ്തയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.