ചൊക്ലി: വായന മരിക്കുന്നു എന്ന വാദങ്ങള്‍ നാട്ടിലെങ്ങും സജീവമാകുമ്പോള്‍, ജനകീയപങ്കാളിത്തത്തോടെ, ആഴ്ചകള്‍ക്കുള്ളില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനത്തോടെ ചൊക്ലിയില്‍ ആയിരക്കണക്കിന് പുസ്തക ശേഖരവുമായി കൊടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയില്‍ ഗ്രന്ഥപ്പുര തുറക്കുന്നു. ജൂലായ് 3 ന് വൈകു: 4 മണിക്ക് നിയമസഭാ സ്പീക്കര്‍ അഡ്വ: എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കവിയൂര്‍ രാജഗോപാലന്‍ അദ്ധ്യക്ഷത വഹിക്കും. വിഖ്യാത കഥാകൃത്ത് ടി.പത്മനാഭന്‍ മുഖ്യ അതിഥിയാകും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ വിജയന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
ചൊക്ലി ഗ്രാമത്തിലെ ഓരോ വീട്ടുകാരനും ഒരു പുസ്തകമെങ്കിലും ലൈബ്രറിക്ക് സ്‌നേഹ സമ്മാനമായി നല്‍കിയിട്ടുണ്ടെന്ന് പ്രസിഡണ്ട് ഡോ: എ.പി. ശ്രീധരന്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവും, എഴുത്തുകാരനുമായ വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ തന്റെ പുസ്തകശേഖരത്തിലെ വിലപ്പെട്ട പുസ്തകങ്ങള്‍ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറിക്ക് സംഭാവന നല്‍കി. കെ.ഇ കുഞ്ഞബ്ദുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം പാനൂര്‍ മേഖലാ സെക്രട്ടറി ടി.ടി.കെ ശശിയില്‍ നിന്നും 75 പുസ്തകങ്ങളും കെ.ഇ. കുഞ്ഞബ്ദുള്ള ഏറ്റുവാങ്ങി. വി.കെ രാകേഷ് , കെ.പി രതീഷ് കുമാര്‍, സിറോഷ് ലാല്‍ദാമോരന്‍, ടി.കെ സുരഷ്, ഡോ: മുനീര്‍, പി. രഹിനീഷ് എന്നിവര്‍ പങ്കെടുത്തു.