ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇപ്പോള്‍ സിവില്‍ കോഡിനെ കുറിച്ച് പറയുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിലാക്കാനാണ്. ഒന്നും പറയാനില്ലാത്തതിനാലാണ് വര്‍ഗീയ ധ്രുവീകരണ അജണ്ടയില്‍ കേന്ദ്രീകരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഏകീകൃത സിവില്‍ കോഡ് സമത്വം സ്ഥാപിക്കാന്‍ അനിവാര്യമാണെന്ന ആഖ്യാനമാണ് ബി.ജെ.പിയും മോദിയും നടത്തുന്നത്. എന്നാല്‍ ബി.ജെ.പി വരുത്താന്‍ പോകുന്ന ഈ ഏകീകരണം സമത്വത്തിന് തുല്യമാകുമെന്ന അഭിപ്രായം സി.പി.എമ്മിനില്ല. രാജ്യത്തെമ്പാടും, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരി കൊളുത്തിയതും ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് ലക്ഷ്യമിട്ടാണ്.
35,000ത്തിലധികം അര്‍ധസൈനികരെയും സൈന്യത്തെയും വിന്യസിച്ചിട്ടും മണിപ്പൂര്‍ നിന്ന് കത്തുകയാണ്. പോലീസ് സ്റ്റേഷനില്‍ നിന്ന് ആയുധം കൊള്ളയടിക്കപ്പെടുന്നു. കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വീടുകള്‍ അഗ്‌നിക്കിരയാകുന്നു. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 250ലധികം ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടു. അരലക്ഷത്തോളം പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.