കൊച്ചി: ഓൺലൈൻ മീഡിയയിലെ ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യത മാനിക്കണമെന്ന് ഹൈക്കോടതി. അനാശാസ്യ പ്രവർത്തനം ആരോപിച്ച് അറസ്‌റ്റിലായ സ്ത്രീയുടെ ചിത്രങ്ങൾ ഓൺലൈൻ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം.
ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനമെന്ന് ഹൈകോടതി. സ്വകാര്യതയെന്നത് അന്തസ്സിൻറെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണ്. സ്വകാര്യതക്കുള്ള അവകാശം മൗലികമാണെന്നും ജസ്റ്റിസ് കെ. ബാബു നിരീക്ഷിച്ചു.
ആയുർവേദ തെറപ്പിസ്‌റ്റാണ് ഹരജിക്കാരി. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് തനിക്ക വളരെ അധികം സൈബർ ആക്രമണങ്ങൾക്ക് വിധേയയാകേണ്ടി വന്നുവെന്നും. തൊഴിലിനേയും സ്വകാര്യതയ്ക്കുള്ള അവകാശത്തേയും അത് ബാധിച്ചുവെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.
ഇവരുടെയും ഒപ്പം പിടിയിലായ മറ്റൊരു യുവതിയുടെയും ചിത്രങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽനിന്ന് നീക്കണം എന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നൽകിയിരിക്കുന്ന നിർദേശം.