കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍പള്ളി കേന്ദ്രീകരിച്ച് അരനുറ്റാണ്ട്കാലം കോഴിക്കോട് മുഖ്യഖാസി പദത്തിലിരുന്ന ഖാസി നാലകത്ത് മുഹമ്മദ്‌കോയ ബാഖവിയുടെ നാമധേയത്തിലുള്ള ഖാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈദിന്റെ ഭാഗമായി 30ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഹോട്ടല്‍ മെറീന റെസിഡന്‍സിയില്‍വച്ച് ‘സാഹോദര്യം സഹജനന്മയ്ക്ക്’ എന്ന പേരില്‍ സ്‌നേഹസദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യന്‍ തോല്‍ക്കുകയും ഇസങ്ങള്‍ ജയിക്കുകയും ചെയ്യുന്ന സങ്കീര്‍ണമായ ഒരുകാലത്താണ് നാമുള്ളത്. മനുഷ്യബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനലോകത്ത് ഇത്തരം കൂട്ടായ്മയുടെ സദസ്സുകള്‍ സജീവമാകണം. ജാതിയോ മതമോ ഭാഷയോ ദേശമോ മതിലുകള്‍ തീര്‍ക്കാതെ വിശാല സൗഹൃദത്തിന്റെ സന്ദേശം നല്‍കാന്‍ കൂടിയാണ് ‘സ്‌നേഹസദസ്സ്’ സംഘടിപ്പിക്കുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടക സ്പീക്കര്‍ അഡ്വ. യു.ടി ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ.ബീന ഫിലിപ് മുഖ്യപ്രഭാഷണം നടത്തും. എം.പി അബ്ദുസമദ് സമദാനി എം.പി ഈദ് സന്ദേശം നല്‍കും.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ആക്ടിങ് ഖാസി സഫീര്‍ സഖാഫി, കെ.പി രാമനുണ്ണി, ഡോ.ഗോഡ്‌വിന്‍ സാമ്രാജ്, ഡോ.കെ.കുഞ്ഞാലി, ഡോ.ഹുസൈന്‍ രണ്ടത്താണി, ഡോ.ഹുസൈന്‍ മടവൂര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി മുഹമ്മദ് അലി, ജനറല്‍ സെക്രട്ടറി പി.ടി ആസാദ്, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.വി റംസി ഇസ്മായില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.ജയന്ത്കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.വി ഇസ്ഹാഖ് എന്നിവര്‍ സംബന്ധിച്ചു.