തിരുവനന്തപുരം∙ കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിലായി. പൊലീസുകാരായ വിനീത്, കിരൺ, സുഹൃത്തായ അരുൺ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കാട്ടാക്കട മാർക്കറ്റ് ജംക്‌ഷനിൽ ഇലക്ട്രോണിക്സ് കട നടത്തുന്ന മുജീബിനെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. പൊലീസ് വേഷത്തിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ ശ്രമം.
രാത്രി കടയടച്ച് വീട്ടിലേക്ക് പോയ മുജീബിനെ സംഘം പിന്തുടരുകയും രാത്രി പത്തോടെ പൂവച്ചൽ ജങ്ഷന് സമീപത്ത് വെച്ച് കാർ തടയുകയുമായിരുന്നു. ഇഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. തോക്ക് ചൂണ്ടുകയും ചെയ്തു. വിലങ്ങിട്ടശേഷം മുജീബിനെ ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കിയതോടെ അക്രമികൾ കടന്നു കളയുകയായിരുന്നു. പൊലീസെത്തിയാണ് വിലങ്ങ് അഴിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
വ്യാപാര സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പോലീസുകാരനാണ് വിനീത്. വിനീതിനേയും അരുണിനേയും ആദ്യം അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കിരണിന്റെ പേര് വെളിപ്പെടുത്തിയത്. കിരണും വിനീതും ചേർന്ന് ടൈൽസ് കടയുടെ സാമ്പത്തിക നികത്താനാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.