തിരുവനന്തപുരം:ഒരു ദിവസം കൊണ്ട് ഇരട്ടിയിലധികം വര്‍ദ്ധിച്ച് തക്കാളി വില. കേരളത്തില്‍ ഇന്ന് കിലോയ്ക്ക് 120 രൂപയാണ് വില. കിലോയ്ക്ക് 60 ഉള്ളതില്‍ നിന്നാണ് ഒരു ദിവസം കൊണ്ട് 120 രൂപയിലെത്തിയിരിക്കുന്നത്. ചില്ലറ വില 125 രൂപ വരെയായി ഉയരാനും സാധ്യതയുണ്ട്. മണ്‍സൂണ്‍ മഴ ലഭിക്കാന്‍ വൈകിയതും ദുര്‍ബലമായ മഴയും തക്കാളി കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഇതാണ് വിലവര്‍ദ്ധനവിന് കാരണം.
കേരളത്തിന് പുറത്ത് പ്രധാന നഗരങ്ങളിലെല്ലാം തന്നെ തക്കാളിക്ക് സമാനമായ വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം കിലോയ്ക്ക് പത്ത് രൂപ മാത്രമുണ്ടായരുന്ന തക്കാളിക്ക് ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി വില 90 രൂപയിലധികമാണ്. കഴിഞ്ഞ വര്‍ഷം തക്കാളിയുടെ വിത്ത് ലഭ്യത കുറവായിരുന്നതും തക്കാളി ദൗര്‍ലഭ്യത്തിന് കാരണമായെന്നും പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തില്‍ മാത്രമായിരുന്നു.