മാഹി: മാഹിയിലെ സര്‍ക്കാര്‍ ഓഫീസ് പരിസരം കണ്ടം ചെയ്ത വാഹനങ്ങളുടെ ശവപ്പറമ്പായി മാറി. മാഹി ഗവ: ജനറല്‍ ആശുപത്രിയുടെ പിന്‍ഭാഗത്ത് രണ്ട് ഇടങ്ങളിലായി അര ഡസന്‍ വാഹനങ്ങളാണ് തുരുമ്പെടുക്കുന്നത്. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള വാഹനങ്ങളത്രയും മാഹി ഫയര്‍ സ്റ്റേഷന്റെ അങ്കണത്തില്‍ തള്ളിയിരിക്കുകയാണ്. ഇവിടെ മൂന്ന് ജീപ്പുകളും, ഒരു വാനുമുണ്ട്. ചുറ്റിലും കാട് പിടിച്ച് കിടക്കുന്നതിനാല്‍ ഇഴജീവികളുടെ ആവാസകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
ഇരുപത് വര്‍ഷങ്ങളിലേറെയായി മാഹിയില്‍ കാലപ്പഴക്കം വന്ന വാഹനങ്ങള്‍ ലേലം ചെയ്ത് വിറ്റിട്ട്. മയ്യഴിയിലെ ഗതാഗത വകുപ്പ് കണ്ടം ചെയ്തുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ക്വട്ടേഷന്‍ വിളിച്ചാണ് വില്‍പ്പന നടത്തുക. യഥാസമയം ഇത് ചെയ്യാത്തത് മൂലം ഉപയോഗിക്കാന്‍ കഴിയുമായിരുന്ന വാഹനങ്ങള്‍ പോലും തീര്‍ത്തും തുരുമ്പെടുത്തു. വിദ്യാഭ്യാസവകുപ്പ്, സിവില്‍ സപ്ലൈസ്, പി.ഡബ്ല്യു.ഡി, കൃഷിവകുപ്പ് തുടങ്ങിയ ഓഫീസുകള്‍ക്ക് ഇപ്പോള്‍ വാഹനങ്ങളില്ല. ചില ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വാഹനങ്ങളില്ലെങ്കിലും ഡ്രൈവര്‍മാരുണ്ട്. പുതിയ വാഹനങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അത്യാവശ്യത്തിന് വാഹനങ്ങള്‍ വാടകക്കെടുക്കാനാണ് നിര്‍ദ്ദേശം.