ന്യൂഡല്‍ഹി: കലാപാന്തരീക്ഷം നിലനില്‍ക്കുന്ന മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്നോട്ടേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാറ്റ്നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മണിപ്പൂര്‍ വിഷയം പ്രാധാന്യത്തോടെ ഉയര്‍ന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കലാപ ബാധിത മേഖല സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാന്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കലാപം രൂക്ഷമായ ബിഷ്ണുപൂര്‍, സുഗ്നു മേഖലകളില്‍ തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കലാപത്തിനിടെ പിടിയിലായവരില്‍ ചിലര്‍ കെ.വൈ.കെ.എല്‍, യു.എന്‍.എല്‍.എഫ് സംഘാംഗങ്ങള്‍ ആണെന്നാണ് വിവരം. ജൂണ്‍ 29, 30 തീയതികളിലാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.