ബി.ജെ.പി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്വേഷണത്തില്‍ തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2023 വരെ കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയര്‍ന്നു വന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു ‘40% കമ്മീഷന്‍’ വിവാദം. ബെലഗാവി ആസ്ഥാനമായുള്ള കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്. മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ സര്‍ക്കാര്‍ പദ്ധതിക്ക് 40% കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് സന്തോഷ് പാട്ടീല്‍ ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തും.
കൊവിഡ് സമയത്ത് ചാമരാജ്നഗര്‍ ജില്ലാശുപത്രിയില്‍ 36 രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിരുന്നു. ഈ വിഷയത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതായി നിലവിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. കൂടാതെ ആ സമയത്ത് കൊവിഡിനെ നേരിടാന്‍ വാങ്ങിയ ഉപകാരങ്ങളില്‍ 3000 കോടിയുടെ അഴിമതി ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നതിലും അന്വേഷണം ഉണ്ടാകും.