തിരുവനന്തപുരം: വി. വേണുവിനെ ചീഫ് സെക്രട്ടറിയായി നിയമിച്ച സാഹചര്യത്തില്‍ ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും. നിയമനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാര്‍ പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയാകും. ഷര്‍മിള മേരി ജോസഫിന് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെ അധിക ചുമതല നല്‍കി.
മൊഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. രബീന്ദ്രകുമാര്‍ കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിവരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഞ്ജയ് എം. കൗള്‍ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. കെ.എസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല ഡോ. രത്തന്‍ യു. ഖേല്‍ക്കറിന് നല്‍കി. പിഡബ്ല്യുഡി സെക്രട്ടറി കെ. ബിജു ടൂറിസം വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഡോ. എ. കൗശിഗനെ ലാന്റ് റവന്യൂ കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റി. ശ്രീറാം സാംബശിവ റാവുവിന് ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. ബി. അബ്ദുള്‍ നാസറിന് സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ കൂടി ചുമതല നല്‍കി. കെ. ഗോപാലകൃഷ്ണന് പിന്നോക്ക വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. കേരള ട്രാന്‍സ്‌പോര്‍ട് പ്രൊജക്ട് ഡയറക്ടറായി പ്രേം കൃഷ്ണനെയും നിയമിച്ചു.