ഡ്രാഗണ്‍ ബോട്ട് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ചൊക്ലിക്കാരിയും

ഡ്രാഗണ്‍ ബോട്ട് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ചൊക്ലിക്കാരിയും

ചാലക്കര പുരുഷു

തലശ്ശേരി: കായലുകളിലും ജലാശയങ്ങളിലും കരുത്തിന്റേയും ആവേശത്തിന്റേയും കുതിപ്പുകള്‍ തീര്‍ത്ത്, വിജയത്തിന്റെ മറുകരയിലേക്ക് തളരാതെ തുഴയുന്ന ചൊക്ലിക്കാരി ഇന്ന് രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയാണ്. ആഗസ്റ്റില്‍ തായ്‌ലാന്‍ഡില്‍ നടക്കുന്ന ഡ്രാഗണ്‍ ബോട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൊക്ലി മേനപ്രം ഗ്രാമത്തിലെ കെ.കെ അനഘ ഇന്ത്യന്‍ ജേഴ്‌സിയണിയും. ജൂലൈ രണ്ടാം വാരം കൊല്‍ക്കത്തയില്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ പരിശീലനം ആരംഭിക്കും. ഈ വരുന്ന ഏഷ്യന്‍ ഗെയിംസില്‍ ഡ്രാഗണ്‍ ബോട്ട് മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനും കൊല്‍ക്കത്തയില്‍ നടക്കും.

ചെറുപ്രായത്തില്‍ തന്നെ സ്‌പോര്‍ട്‌സിനോട് ഏറെ താല്‍പ്പര്യമുണ്ടായിരുന്ന അനഘ , നോര്‍ത്ത് മേന പ്രം എല്‍.പി സ്‌കൂളിലും അരയാക്കുല്‍ യു.പി.യിലും, തുടര്‍ന്ന് ചൊക്ലി രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഠനത്തോടൊപ്പം സ്‌പോര്‍ട്‌സ് രംഗത്തും ഏറെ മികവ് പ്രകടിപ്പിച്ചിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന കനോയി – കയാക്കിങ്ങ് കണ്ണൂര്‍ ജില്ലാ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കുകയും അനഘക്ക് സെലക്ഷന്‍ ലഭിക്കുകയും ചെയ്തു.

കൊല്ലം എസ്.എന്‍.കോളേജില്‍ അഡ്മിഷന്‍ ലഭി ക്കുകയും കൊല്ലം ജില്ലസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കനോയ് – കയാക്കിങ്ങിന്റെ പരിശീലനം തുടങ്ങുകയും ചെയ്തു. അഷ്ടമുടിക്കായലില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയും, വൈകു ന്നേരം 4.30 മുതല്‍ 6.30 വരെയുമായിരുന്നു പരിശീലനം. കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമാരായ, ബേബി ചാക്കോ, ലിബി ആന്റണി, മഹേഷ് എന്നിവരായിരുന്നു ജല തരംഗമായി മാറിയ ഈ പെണ്‍കുട്ടിയുടെ പരിശീലകര്‍. 2019ല്‍ കനായ് -കയാക്കിങ്ങില്‍ സിംഗിള്‍സില്‍ വെങ്കല മെഡലും, 2021ല്‍ സംസ്ഥാന മത്സരത്തില്‍ വെങ്കല മെഡലും തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ ലഭിക്കുകയുണ്ടായി. 2022 ആലപ്പുഴയില്‍ നടന്ന സംസ്ഥാന ഡ്രാഗണ്‍ ബോട്ട് മത്സരത്തിലും പങ്കെടുത്തു.

2023ല്‍ കര്‍ണാടകയില്‍ നടന്ന ദേശീയ ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഗോള്‍ഡ്, വെങ്കല മെഡലുകള്‍ സ്വന്തമാക്കി. 2023-ല്‍ ഏപ്രിലില്‍ ബീഹാറില്‍ നടന്ന ഡ്രാഗണ്‍ ബോട്ട് ദേശീയ മത്സരത്തില്‍ സില്‍വര്‍, വെങ്കല മെഡല്‍ ജേതാവായി. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്. 2023 ആഗസ്റ്റ് മാസം തായ്‌ലാന്‍ഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍മാരാകാനുള്ള തയ്യാറെടുപ്പിലാണ് അനഘ മനോജ്. എല്‍.എസ്.ഡബ്ല്യു.എ.കെ. സംസ്ഥാന സെക്രട്ടറി കെ.കെ മനോജിന്റെയും, മരാങ്കണ്ടി എല്‍.പി സ്‌കൂള്‍ ജീവനക്കാരി ടി.കെ കാഞ്ചനയുടെയും മകളാണ്അനഘ മനോജ്. കെ.കെ.മേഘ സഹോദരിയാണ്. മേനപ്രം എന്ന ഗ്രാമത്തില്‍ നിന്നും ലോകത്തിന്റെ നെറുകയില്‍ എത്തിയ കായിക താരത്തിന് അര്‍ഹമായ അംഗീകാരം നല്‍കാന്‍ ഒരുങ്ങുകയാണ് മേനപ്രം ഗ്രാമവും ചൊക്ലി നാടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *